കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറ് വയസുകാരിക്ക് പരിക്ക്

Update: 2025-02-17 14:26 GMT

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറ് വയസുകാരിക്ക് പരിക്കേറ്റു. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാര്‍ത്ഥന(6)ക്കാണ് പരുക്കേറ്റത്. സഹോദരിയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി അമ്മ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു.

കനാലിന്റെ മറുവശത്തെ കൃഷിയിടത്തില്‍ നിന്നും കനാല്‍ നീന്തി കടന്നെത്തിയ പന്നി ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. ബിന്‍സിയുടെ കൈയ്യില്‍ പിടിച്ചിരുന്ന പ്രാര്‍ത്ഥന പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ പന്നി ആക്രമിക്കുകയും ആയിരുന്നു എന്ന് അമ്മ ബിന്‍സി പറഞ്ഞു. പ്രദേശവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലില്‍ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു.