ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍; മുര്‍ഷിദാബാദിലും മാള്‍ഡയിലും ലക്ഷക്കണക്കിന് പേര്‍ പുറത്ത്
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും ഈ പട്ടികയില്‍ നിന്ന് പുറത്തായവരിലുണ്ട്. വര്‍ഷങ്ങളായി അഭിഭാഷകനായി ജോലി ചെയ്യുന്ന മുഹമ്മദ് യാസിന്‍ മഹലദാര്‍, മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റ് ഖാലിദ ഖാത്തൂന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ രേഖകളും ഹാജരാക്കിയിട്ടും തങ്ങളുടെ പേര് നീക്കം ചെയ്തതിന് കൃത്യമായ കാരണം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
മാള്‍ഡയിലെ ബഹദൂര്‍പൂര്‍ കബിരാജ്തല ഗ്രാമത്തിലെ ബൂത്തുകളില്‍ പരിശോധനയ്ക്കായി എടുത്ത 444 പേരുകളില്‍ 327 എണ്ണവും നീക്കം ചെയ്യപ്പെട്ടു. സമാനമായ രീതിയില്‍ മുര്‍ഷിദാബാദിലെ ദേബിപൂര്‍ പ്രദേശത്തും പകുതിയിലധികം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടു. പല കുടുംബങ്ങളിലും മാതാപിതാക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും മക്കളുടെ പേര് നിലനില്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യവുമുണ്ട്.
പോലിസ് ഉദ്യോഗസ്ഥര്‍, ബിഎസ്എഫ് ജവാന്മാര്‍, സര്‍ക്കാര്‍ കോളജ് അധ്യാപകര്‍ എന്നിവരും പട്ടികയില്‍ നിന്ന് പുറത്തായവരില്‍ പെടുന്നു. വര്‍ഷങ്ങളായി വോട്ടവകാശമുള്ളവരും 1950കള്‍ മുതലുള്ള പൗരത്വ രേഖകള്‍ കൈവശമുള്ളവരുമായ വ്യക്തികളുടെ പേര് പോലും ഒഴിവാക്കിയത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
സുപ്രിം കോടതി ഉത്തരവ് പ്രകാരം പരാതികള്‍ കേള്‍ക്കാന്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നിരിക്കെ, ഇതിനകം ഏഴ് ദിവസം പിന്നിട്ടുകഴിഞ്ഞു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളുടെ പരാതികള്‍ തീര്‍പ്പാക്കുന്നത് അസാധ്യമാണെന്നും ഇത് വോട്ടവകാശം നിഷേധിക്കലാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
