ഖുര്‍ആന്‍ കത്തിച്ചയാളെ ആക്രമിച്ച വയോധികന്‍ ജയിലില്‍ കിടക്കേണ്ടെന്ന് യുകെ കോടതി

Update: 2025-09-28 06:59 GMT

ലണ്ടന്‍: യുകെയിലെ തുര്‍ക്കി എംബസിയുടെ മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച വംശീയവാദിയെ ആക്രമിച്ച വയോധികന്‍ ജയിലില്‍ കിടക്കേണ്ട ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു. മൂസ ഖാദിരി എന്ന 59കാരനാണ് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി ഇളവ് നല്‍കിയത്. ഇസ്‌ലാമിക വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതാണ് മൂസ ഖാദിരിയുടെ വികാരം വ്രണപ്പെടാന്‍ കാരണമെന്ന് ജഡ്ജി എച്ച് എച്ച് ജെ ഹിഡില്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടി.

2025 ഫെബ്രുവരി 13ന് നൈറ്റ്ബ്രിഡ്ജിലെ തുര്‍ക്കി എംബസിക്ക് മുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണെന്ന് ആക്ഷേപിച്ചാണ് ഹാമിറ്റ് കോസ്‌കന്‍ എന്ന വംശീയവാദി ഖുര്‍ആന്‍ കത്തിച്ചത്. ഇതുകണ്ട മൂസ ഖാദിരി ആദ്യം ഹാമിറ്റിനോട് കാര്യം എന്താണെന്ന് ചോദിച്ചു. അതിന് ശേഷം നീയൊരു വിഡ്ഡിയാണെന്നും ഞാന്‍ ഇപ്പോള്‍ വരാമെന്നും പറഞ്ഞു. പിന്നീട് ഒരു കത്തിയുമായി എത്തി ഹാമിറ്റിന് നേരെ വീശുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. വഴിയില്‍ കൂടെ പോയ ഒരു ഡെലിവറി ബോയിയും ഹാമിറ്റിനെ ചവിട്ടി.

ഹാമിറ്റിനെ താന്‍ ആക്രമിച്ചെന്ന കാര്യം വിചാരണയില്‍ മൂസ ഖാദിരി സമ്മതിച്ചു. മൂസ ഖാദിരിക്ക് ഇപ്പോള്‍ 59 വയസായെന്ന് കോടതി നിരീക്ഷിച്ചു.''ഇതുവരെ മാതൃകാപരമായ സ്വഭാവമുള്ള ആളാണ് നിങ്ങള്‍. നിങ്ങളെ അറിയുന്നവരെല്ലാം നിങ്ങള്‍ നല്ല ആളാണെന്ന് പറയുന്നു. നല്ല സ്വഭാവമുള്ള ഒരാള്‍ ആദ്യമായി കോടതിക്ക് മുന്നില്‍ എത്തേണ്ടി വന്നത് ദുരന്തമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കം നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നയാളാണ് നിങ്ങള്‍. നിങ്ങള്‍ നല്ലൊരു ഭര്‍ത്താവും പിതാവുമാണ്. എന്നാലും കത്തിയുമായി പൊതുസ്ഥലത്ത് വരുന്നതും ആക്രമിക്കുന്നതും ശരിയല്ല.''-കോടതി പറഞ്ഞു. തുടര്‍ന്ന് മൂസ ഖാദിരിയെ 20 മാസം തടവിന് ശിക്ഷിച്ചു. എന്നാല്‍ ജയില്‍ ശിക്ഷ നടപ്പാക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.

''കത്തി ഉപയോഗിക്കുന്നത് നമ്മുടെ സമൂഹത്തിന് ഒരു ശാപമാണ്. അയാളെ കുത്താന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും പൊതുസ്ഥലത്തെ അത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല. കത്തിക്കുത്ത് കേസുകളെ കോടതികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആഗ്രഹിച്ചില്ലെങ്കില്‍ പോലും ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ സാധാരണ ഇത്തരം കേസുകളില്‍ തടവുശിക്ഷ വിധിക്കാറുണ്ട്. പക്ഷേ, ഈ സംഭവത്തില്‍ കുറ്റാരോപിതനെ തടവില്‍ ഇടണമെന്ന് ഈ കോടതി ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വളരെ മാന്യനായ വ്യക്തിയാണ്. സംഭവം നടന്നെന്ന നിങ്ങളുടെ സമ്മതം തന്നെ അത് തെളിയിക്കുന്നു. നിങ്ങള്‍ ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് കോടതി മനസിലാക്കുന്നു. നിങ്ങളെ ജയിലില്‍ അടയ്ക്കുന്നത് ചെയ്ത കാര്യത്തേക്കാള്‍ അധികമായ ശിക്ഷയാവും. അതിനാല്‍ തടവുശിക്ഷ സസ്‌പെന്‍ഡ് ചെയ്യുന്നു.''-കോടതി വിശദീകരിച്ചു.

അതേസമയം, ഖുര്‍ആന്‍ കത്തിച്ച ഹാമിത്ത് കോസ്‌കുനെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി 40,000 രൂപ പിഴയ്ക്ക് ശിക്ഷിച്ചിരുന്നു. പ്രതിയുടെ പ്രവൃത്തികള്‍ കുറഞ്ഞപക്ഷം മുസ്‌ലിംകളോടുള്ള ശത്രുത മൂലമാണൈന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ''ഖുര്‍ആന്‍ കത്തിച്ചതിലൂടെ നിങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ വളരെ പ്രകോപനപരമായിരുന്നു, മതത്തെ ലക്ഷ്യം വച്ചുള്ള അധിക്ഷേപകരമായ ഭാഷയും മതത്തിന്റെ അനുയായികളോടുള്ള ഭാഗികമായി വിദ്വേഷവും നിങ്ങളുടെ പ്രവൃത്തികളില്‍ ഉണ്ടായിരുന്നു.''-ജഡ്ജി ജോണ്‍ മക്ഗാര്‍വ പറഞ്ഞു. ഇസ്‌ലാമിനോടുള്ള പൊതുവായ എതിര്‍പ്പാണ് താന്‍ പ്രകടിപ്പിച്ചതെന്നും വിശ്വാസികളോടുള്ള വെറുപ്പല്ലെന്നും ഹാമിറ്റ് വാദിച്ചെങ്കിലും കോടതി അത് തള്ളി.