എന്തിനാണ് യുഎസിന് ബാഗ്രാം വ്യോമതാവളം?

Update: 2025-09-21 15:41 GMT

ഫ്ഗാനിസ്താനിലെ പര്‍വാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം നല്‍കിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുകയാണ്.

അധികാരത്തിലേറിയതിനു ശേഷം 20 തവണയാണ് ട്രംപ് വ്യോമതാവളം ആവശ്യപ്പെട്ടത്. ചൈനയെ നേരിടാന്‍ ഈ താവളം അത്യാവശ്യമാണെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍, അഫ്ഗാനിസ്താനില്‍ വൈദേശിക സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവും വിദേശകാര്യ മന്ത്രിയുമായ ആമിര്‍ ഖാന്‍ മുത്താഖി ആവര്‍ത്തിച്ചു. യുഎസുമായി രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപാടുകള്‍ക്ക് മാത്രമേ താല്‍പ്പര്യമുള്ളൂയെന്ന് ട്രംപിനുള്ള സന്ദേശമായി അദ്ദേഹം പറയുകയും ചെയ്തു.

ചരിത്രത്തില്‍ ഒരിക്കലും അഫ്ഗാനികള്‍ വൈദേശിക സേനകളെ അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിലെ രാഷ്ട്രീയ വകുപ്പിലെ മേധാവിയായ സാക്കിര്‍ ജലാലിയും പറഞ്ഞു. അഫ്ഗാനിസ്താനില്‍ ബലം പ്രയോഗിക്കാന്‍ യുഎസ് തീരുമാനിച്ചാല്‍ അതിന് ഉചിതമായ പ്രതികരണമുണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ സയ്യിദ് മുഖദ്ദം അമീനും നിരീക്ഷിച്ചു.

അഫഗാനിസ്താനും അധിനിവേശ ചരിത്രവും

അഫ്ഗാനിസ്താന്‍ പിടിക്കാനുള്ള വൈദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1838ല്‍ ബ്രിട്ടിഷ് കൊളോണിയല്‍ സൈന്യം അഫ്ഗാനിസ്താനിലേക്ക് മാര്‍ച്ച് ചെയ്തു. എന്നാല്‍, 1842ല്‍ തന്നെ അവര്‍ തോറ്റോടി. പക്ഷേ, 1878ല്‍ ബ്രിട്ടിഷ് കൊളോണിയല്‍ സൈന്യം വീണ്ടുമെത്തി. 1879ലെ ഗന്ദാമാക്ക് കരാറിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതലയും ചില പ്രദേശങ്ങളുടെ അധികാരവും ബ്രിട്ടന്‍ ഏറ്റെടുത്തു. കാബൂളിലും മറ്റു പ്രദേശങ്ങളിലും ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.

1919ല്‍ അഫ്ഗാനിസ്താന്റെ അമീറായ അമാനുല്ലാ ഖാന്‍ പൂര്‍ണസ്വാതന്ത്ര്യത്തിനായി ജിഹാദിന് ആഹ്വാനം ചെയ്തു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് ഇന്ത്യയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്ന സാഹചര്യം മുതലെടുത്ത് അഫ്ഗാനികള്‍ ബ്രിട്ടിഷ് സൈന്യത്തെ ആക്രമിച്ചു. ബ്രിട്ടിഷ് സൈന്യം വ്യോമാക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ കരാറിലൂടെ അഫ്ഗാനിസ്താന് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചു. ബ്രിട്ടിഷ് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള അതിര്‍ത്തിയായി ഡ്യൂറാന്റ് ലൈന്‍ അംഗീകരിക്കപ്പെട്ടു.

1950ല്‍ മുഹമ്മദ് സഹീര്‍ ഷാ രാജാവിന്റെ കാലത്താണ് സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ബാഗ്രാമില്‍ സിവിലിയന്‍ വിമാനത്താവളം സ്ഥാപിച്ചത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്താന്‍, സര്‍ക്കാരിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമാക്കിയപ്പോള്‍ സര്‍ക്കാര്‍ സോവിയറ്റ് യൂണിയന്റെ സഹായം തേടി. അങ്ങനെ 1979ല്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനില്‍ അധിനിവേശം ആരംഭിച്ചു. ബാഗ്രാം വിമാനത്താവളത്തെ സോവിയറ്റ് യൂണിയന്‍ സൈനികതാവളമാക്കി മാറ്റി. അഫ്ഗാന്‍ മുജാഹിദുകളെ നേരിടാനുള്ള സോവിയറ്റുകളുടെ പ്രധാന താവളമായിരുന്നു അത്. എന്തായാലും അധിനിവേശം തുടരാനാവാതെ 1989ല്‍ സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങി.


1991ല്‍ സോവിയറ്റ് യൂണിയന്‍ പൊളിഞ്ഞുവീണു. അഫ്ഗാനിസ്താനിലെ നജീബുല്ല ഭരണകൂടം വീണതിനു ശേഷം വിവിധ ഗ്രൂപ്പുകള്‍ വ്യോമസേനാ താവളം നിയന്ത്രിച്ചു.


എന്നാല്‍, ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മറവില്‍ യുഎസ് നേതൃത്വത്തില്‍ യൂറോപ്യന്‍ സൈന്യം 2001ല്‍ വീണ്ടും അഫ്ഗാനിസ്താനിലെത്തി. അവര്‍ ബാഗ്രാം വ്യോമതാവളം കൈയടക്കി. അവര്‍ അതിനെ ഒരു സൈനിക നഗരമാക്കി മാറ്റി. കിലോമീറ്റര്‍ നീളമുള്ള റണ്‍വേകള്‍ നിര്‍മിച്ച യുഎസ് സൈന്യം ബി2 ബോംബറുകളും പലതരം വന്‍കിട സൈനിക ഉപകരണങ്ങളും എത്തിച്ചു. ഏകദേശം 30,000 യുഎസ്-യൂറോപ്യന്‍ സൈനികര്‍ക്കായി ബാരക്കുകളും ആശുപത്രികളും കടകളും ജിമ്മുകളും ആരംഭിച്ചു. അഫ്ഗാനികളെ തടവിലാക്കാന്‍ പ്രത്യേക ജയിലും സ്ഥാപിച്ചു. യുഎസ് പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ്, ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവര്‍ താവളം സന്ദര്‍ശിക്കുകയും ചെയ്തു. 2011ല്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ജോ ബൈഡനും താവളത്തില്‍ എത്തി.


ഇതെല്ലാം പറയുമ്പോഴും അഫ്ഗാനിലെ താലിബാന്‍ അടക്കമുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഈ ക്യാംപിനെ നിരന്തരം ലക്ഷ്യമാക്കിയിരുന്നു. 2007 ഫെബ്രുവരിയില്‍ താവളത്തിന്റെ ഗെയ്റ്റിന് സമീപം താലിബാന്‍ നടത്തിയ രക്തസാക്ഷ്യ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ സന്ദര്‍ശന സമയത്തായിരുന്നു ഈ ആക്രമണമെന്നതാണ് ശ്രദ്ധേയമായ കാര്യം.

2009 ജൂണില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


2010 മേയില്‍ യുഎസ് സൈന്യത്തിന്റെ യൂണിഫോമില്‍ എത്തിയ താലിബാന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് സൈനികര്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് 2012 ഫെബ്രുവരിയില്‍ താവളം അഫ്ഗാനികള്‍ ആക്രമിച്ചു. അതേ തുടര്‍ന്ന് കാബൂളിലെ യുഎസ് എംബസി പൂട്ടിയിടേണ്ടിയും വന്നു. 2013 ജൂണില്‍ താലിബാന്‍ നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ നാലു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 2013 നവംബറില്‍ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു സൈനിക കരാറുകാര്‍ കൊല്ലപ്പെട്ടു. 2015 ഡിസംബറില്‍ ബൈക്കിലെത്തിയ താലിബാന്‍ പോരാളി നടത്തിയ രക്തസാക്ഷ്യ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 2016 നവംബറില്‍ യുഎസ് സൈന്യത്തിന്റെ കരാറുകാരനായ ഒരു അഫ്ഗാനി തന്നെ രക്തസാക്ഷ്യ ആക്രമണം നടത്തി. അതില്‍ നാലു യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 ഏപ്രിലില്‍ താവളത്തിന് സമീപം കുഴിബോംബ് പൊട്ടി മൂന്നു യുഎസ് നാവികര്‍ കൊല്ലപ്പെട്ടു.



2017ല്‍ മാത്രം ഈ താവളം ഉപയോഗിച്ച് 4,361 വ്യോമാക്രമണങ്ങളാണ് യുഎസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയത്. താലിബാനെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കാനായിരുന്നു ആക്രമണം. 2018ല്‍ വ്യോമാക്രമണങ്ങള്‍ വര്‍ധിപ്പിച്ചു.

എന്നാല്‍, അഫ്ഗാനിസ്താനിലെ സൈനികതാവളങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെല്ലാം താലിബാന്‍ നിയന്ത്രണം സ്ഥാപിച്ചു. അതോടെ താലിബാനുമായി സമാധാന കരാറില്‍ ഒപ്പിടാന്‍ യുഎസ് നിര്‍ബന്ധിതരായി. 2020 ഫെബ്രുവരിയിലാണ് കരാര്‍ ഒപ്പിട്ടത്. 2021ല്‍ യുഎസ് സൈന്യം അഫ്ഗാന്‍ വിട്ടപ്പോള്‍ പാശ്ചാത്യ അനുകൂലികളായ അഫ്ഗാനികളും സൈനികരും സംരക്ഷണത്തിനായി ഈ താവളത്തിലെത്തി. പക്ഷേ, രാത്രി തന്നെ യുഎസ് സൈന്യവും യൂറോപ്യന്‍ സൈന്യവും സ്ഥലം വിട്ടിരുന്നു.

അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തിയ എല്ലാവരും ബാഗ്രാം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നതായി അഫ്ഗാനിലെ രാഷ്ട്രീയ നിരീക്ഷകനായ ഫസല്‍ മനല്ല മുംതാസ് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്താന്‍ തന്നെ തന്ത്രപ്രധാന രാജ്യമാണെന്നും ബാഗ്രാം അതിലെ നിര്‍ണായകമായ സ്ഥലമാണെന്നും രാഷ്ട്രീയ നിരീക്ഷകനായ സയ്ദ് അബ്ദുല്ല സാദിഖും പറഞ്ഞു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്ന് ഒരു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഈ താവളത്തില്‍നിന്ന് ഇറാന്‍, പാകിസ്താന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ നിരീക്ഷിക്കാന്‍ കഴിയും. ആക്രമിക്കണമെങ്കില്‍ എളുപ്പവുമാണ്. അതാണ് യുഎസിന്റെ താല്‍പ്പര്യത്തിന് കാരണം. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ ആണവ നിലയങ്ങളും മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും അടുത്തു കിട്ടുമെന്നും യുഎസ് കണക്കുകൂട്ടുന്നു. നിലവില്‍ ഈ താവളം ചൈനയുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് ആരോപിക്കുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കാന്‍ ചൈന നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി തടയണമെന്ന യുഎസിന്റെ ആഗ്രഹവും അതില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍, ബാഗ്രാമില്‍ ചൈനീസ് സൈനികരുണ്ടെന്ന ആരോപണം അഫ്ഗാനിസ്താന്‍ സര്‍ക്കാരും ചൈനീസ് സര്‍ക്കാരും നിഷേധിച്ചു. അഫ്ഗാനിസ്താന്റെ പരമാധികാരത്തെ യുഎസ് മാനിക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്.