ധര്‍മസ്ഥല ക്ഷേത്രത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂജാരി

Update: 2025-08-11 15:11 GMT

മംഗളൂരു: ധര്‍മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ജനാര്‍ദ്ദന പൂജാരി. എന്തുകൊണ്ടാണ് ധര്‍മസ്ഥലയില്‍ മാത്രം അന്വേഷണം നടക്കുന്നതെന്ന് ജനാര്‍ദ്ദന പൂജാരി ചോദിച്ചു. മുസ്‌ലിം പള്ളികളിലും ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മൃതദേഹങ്ങള്‍ മറവു ചെയ്യുന്നുണ്ട്. എന്നിട്ട് എന്തുകൊണ്ടാണ് ധര്‍മസ്ഥല ക്ഷേത്രത്തില്‍ മാത്രം അന്വേഷണം നടത്തുന്നത്. ധര്‍മസ്ഥലയെ ചെളിയിലൂടെ വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

1990കള്‍ മുതല്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി ക്ഷേത്രത്തിന് സമീപം കുഴിച്ചിട്ടുണ്ടെന്ന മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് നിലവില്‍ പോലിസ് അന്വേഷണം നടക്കുന്നത്. 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ട്, 2012ല്‍ കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബം തുടങ്ങി നിരവധി പേരാണ് പ്രത്യേക പോലിസ് സംഘത്തിന് പരാതി നല്‍കിയിരിക്കുന്നത്.