കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിര്‍മിക്കുന്ന 'ബാബരി' മസ്ജിദിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കൗനിയാന്‍ റസ എന്നയാള്‍ നല്‍കിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സുജോയ് പോളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയത്. ഹരജിക്കാരന് പള്ളിയുമായോ സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം നിര്‍മാണം പാടില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍, സര്‍ക്കാരോ ബന്ധപ്പെട്ട അധികാരികളോ വിഷയത്തില്‍ തീരുമാനമെടുക്കട്ടെയെന്ന് കോടതി പറഞ്ഞു. പള്ളിക്ക് 'ബാബരി' എന്ന് പേര് നല്‍കിയത് വര്‍ഗീയ സംഘര്‍ഷത്തിന് കാരണായേക്കാമെന്നാണ് ഹരജിക്കാരന്‍ വാദിച്ചത്. പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ഹുമായൂണ്‍ കബീര്‍ എംഎല്‍എ അനുമതികള്‍ വാങ്ങിയിട്ടില്ലെന്നും അതിനാല്‍ നിര്‍മാണം സ്റ്റേ ചെയ്യണമെന്നും ഹരജിക്കാരന്‍ വാദിച്ചു. പക്ഷേ, ഹരജി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല.
ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ പൊളിച്ച ഡിസംബര്‍ ആറിന് തന്നെ മുര്‍ഷിദാബാദില്‍ പള്ളി നിര്‍മാണത്തിന് കല്ലിടുന്നതിനെ ചോദ്യം ചെയ്തുള്ള നിരവധി ഹരജികളും നേരത്തെ കോടതിക്ക് മുന്നില്‍ എത്തിയിരുന്നു. ആരാധനാലയം നിര്‍മിക്കുന്നതില്‍ നിന്ന് ആരെയും തടയില്ലെന്നാണ് കോടതി ഇത്തരം ഹരജികള്‍ക്ക് മറുപടിയായി പറഞ്ഞത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കോടതി ഉപദേശിച്ചു.