മഹാരാഷ്ട്രയിലെ ബിജെപി-എന്‍സിപി തര്‍ക്കം സവര്‍ക്കര്‍ vs അംബേദ്ക്കര്‍ ചര്‍ച്ചയായി വികസിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിലെ 29 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയും സഖ്യകക്ഷിയായ എന്‍സിപിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. ഹിന്ദുത്വ ബുദ്ധിജീവിയായ വിനായക് ദാമോദര്‍ സവര്‍ക്കറില്‍ ഊന്നിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. അതേസമയം ബി ആര്‍ അംബേദ്ക്കറില്‍ ഊന്നിയാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പ്രചാരണം നടത്തുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിലെ അഴിമതിയെ അജിത് പവാര്‍ വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍, ഹിന്ദുത്വ പ്രചാരണ വാചകമായ ''നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെയും എതിര്‍ത്ത് ഞങ്ങള്‍ മുന്നോട്ട്'' എന്നാണ് ബിജെപി ഈ വിമര്‍ശനത്തിന് മറുപടി നല്‍കിയത്. സവര്‍ക്കറെ ബിജെപി എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് ആശിഷ് ശെലാര്‍ പറഞ്ഞു. തങ്ങളുടെ ആശയശാസ്ത്രം അംഗീകരിക്കാന്‍ ബിജെപി ആരെയും നിര്‍ബന്ധിക്കരുതെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അമോല്‍ മിത്കരി പറഞ്ഞു. ശിവജി-ഷാഹു മഹാരാജ്-ജ്യോതി റാവു ഫൂലെ-അംബേദ്കര്‍ പ്രത്യയശാസ്ത്രമാണ് എന്‍സിപി പിന്തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിന് വേണ്ടി കഠിനമായ ഹിന്ദുത്വയെ ബിജെപി പിന്‍താങ്ങുന്നുതായും പ്രതിപക്ഷ പാര്‍ട്ടികളായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപി(ശരത് പവാര്‍), കോണ്‍ഗ്രസ്, വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) എന്നിവരെ എതിര്‍ക്കുകയും ചെയ്യുന്നതായും ഒരു ബിജെപി നേതാവ് പറഞ്ഞു.