''ഇഫ്താറില്‍ പങ്കെടുക്കുകയും വഖ്ഫിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?'; നിതീഷ് കുമാറിന്റെ ഇഫ്താറില്‍ പങ്കെടുത്തവരെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

Update: 2025-04-07 03:03 GMT

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താറില്‍ പങ്കെടുക്കുകയും വഖ്ഫിനെ കുറിച്ച് മൗനം പാലിക്കുകയും ചെയ്തവരെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. മില്ലി ഖബര്‍ എന്ന പേരില്‍ വെബ്‌സൈറ്റ് നടത്തുന്ന ഫസലുല്‍ മുബീന്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് കേസ്.

'ഈ ആളുകള്‍ ബീഹാറിലെ ധക്കയില്‍ നിന്നുള്ളവരാണെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് ലജ്ജ തോന്നുന്നു. അവര്‍ക്ക് നിതീഷ് കുമാര്‍ ശരീഅത്തിനും വ്യക്തിനിയമത്തിനും ഹദീസിനും മുകളിലാണ്. വഖ്ഫ് നമ്മുടെ ഭരണഘടനാപരമായ അവകാശമാണ്. അത് നമ്മുടെ ശരീഅത്തിന്റെ കാര്യവുമാണ്. അത് ശ്രദ്ധിക്കുക.''-ഫസലുല്‍ മുബീന്റെ പോസ്റ്റ് പറയുന്നു.

ജെഡിയുവിന്റെ കിസാന്‍ സെല്‍ നേതാവായ അസ്ഗര്‍ അലിയാണ് പോസ്റ്റിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് മനപ്പൂര്‍വ്വം അപമാനിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഗൗരവകരമായ വിഷയങ്ങളില്‍ മൗനം പാലിച്ച മുസ്‌ലിം നേതാക്കള്‍ ഇഫ്താര്‍ പാര്‍ട്ടിയില്‍ പോയി ഭക്ഷണം കഴിച്ചതിനെ ചോദ്യം ചെയ്തതാണ് കേസിന് കാരണമെന്ന് മുബീന്‍ പറഞ്ഞു. മുബീനെ പിന്തുണച്ച് വിവിധ മുസ്‌ലിം സംഘടനകളും മസ്ജിദ് കമ്മിറ്റികളും രംഗത്തെത്തി. മോഷണം നടത്തിയതിന് അല്ല മുബീന് എതിരെ കേസെടുത്തതെന്ന് കോഗിറ്റോ മീഡിയ ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ കേസ് റദ്ദാക്കണമെന്നും കോഗിറ്റോ മീഡിയ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.