തൃശ്ശൂര്‍: പത്തുവര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പറേഷന്‍ ഭരണം കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ മേയറെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാവുന്നു. കോര്‍പറേഷനിലെ 56 ഡിവിഷനുകളില്‍ 33 എണ്ണവും ലഭിച്ചതിനാല്‍ സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം താങ്ങേണ്ടതില്ല. ലാലി ജെയിംസ്, സുബി ബാബു, ഡോ. നിജി ജസ്റ്റിന്‍ എന്നിവരില്‍ ഒരാളെയാണ് മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
നാലാംതവണയാണ് ലാലി ജെയിംസ് കൗണ്‍സിലില്‍ എത്തുന്നത്. 2010 മുതല്‍ ലാലൂരും കാര്യാട്ടുകരയും മാറിമാറി മത്സരിച്ചു. വിദ്യാഭ്യാസം, ക്ഷേമകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണ 1,527 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ലാലൂരില്‍നിന്ന് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. സുബി ബാബു മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയാണ്. ഡെപ്യൂട്ടി മേയര്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത് എന്നതും ഇവര്‍ക്കു ഗുണകരമാണ്. കൂടാതെ നിലവില്‍ കെപിസിസി അംഗം കൂടിയാണ് സുബി ബാബു. ഇത്തവണ 809 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുബി ബാബു ഗാന്ധിനഗറില്‍നിന്ന് വിജയിച്ചത്.
തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിന്‍ പാര്‍ട്ടിയില്‍ ശക്തയാണ്. നിലവില്‍ ഇവര്‍ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. കിഴക്കുംപാട്ടുകരയില്‍നിന്നും 614 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവര്‍ വിജയിച്ചത്. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി കൂടിയായ എ പ്രസാദിന്റെ പേരാണ് പ്രധാന പരിഗണനയിലുള്ളത്.