ദോഹ: അന്താരാഷ്ട്ര നിയമങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് ഖത്തറില്‍ ഇസ്രായേല്‍ പ്രധാനമായും ലക്ഷ്യമിട്ടത് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയെ എന്ന് റിപോര്‍ട്ട്. ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുമ്പോഴായിരുന്നു ആക്രമണം. മധ്യസ്ഥ സംഘങ്ങളെ ആക്രമിക്കുന്ന ഇസ്രായേലിന്റെ നിലപാട് മുമ്പേ അപലപിക്കപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന ഹമാസ് നേതാക്കളായ ഇസ്മാഈല്‍ ഹനിയയേയും യഹ്‌യാ സിന്‍വാറിനെയും ഇസ്രായേല്‍ കൊലപ്പെടുത്തിയ ശേഷം ഗസയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദോഹയില്‍ നേതൃത്വം നല്‍കിയിരുന്നത് ഖലീല്‍ അല്‍ ഹയ്യയായിരുന്നു.
1960ല്‍ ഗസ മുനമ്പില്‍ ജനിച്ച അദ്ദേഹം ആദ്യം മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമായിരുന്നു. 1987 മുതല്‍ ഹമാസിന്റെ ഭാഗമാണ്. ഇസ്രായേലി ആക്രമണങ്ങളില്‍ മകന്‍ അടക്കം നിരവധി കുടുംബാംഗങ്ങള്‍ രക്തസാക്ഷികളായിട്ടുണ്ട്. 2007ല്‍ ഗസയിലെ ഷെജയ്യയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടു. 2014ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മകന്‍ ഉമറും ഭാര്യയും മൂന്നുമക്കളും കൊല്ലപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഖത്തറില്‍ പോയ അദ്ദേഹം അവിടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. ഫലസ്തീന്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. സിറിയയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് 2022ല്‍ ഹമാസ് അയച്ച പ്രതിനിധി സംഘത്തെ നയിച്ചതും അദ്ദേഹമായിരുന്നു.
