ദക്ഷിണാഫ്രിക്കയില്‍ നിന്നും വെള്ളക്കാരായ 'അഭയാര്‍ത്ഥികള്‍' യുഎസിലെത്തി

Update: 2025-05-13 13:55 GMT

ഡള്ളസ്(യുഎസ്): ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നടപടികള്‍ മൂലം അഭയാര്‍ത്ഥികളായെന്ന് അവകാശപ്പെടുന്ന വെള്ളക്കാരുടെ സംഘം യുഎസിലെത്തി. ഡള്ളസ് വിമാനത്താവളത്തില്‍ ഇറങ്ങിയ 49 പേരെ അധികൃതര്‍ സ്വീകരിച്ചു. അടുത്ത കാലത്ത് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ചാണ് ഡച്ച് കുടിയേറ്റക്കാരുടെ പിന്‍ഗാമികളായ വെള്ളക്കാര്‍ യുഎസില്‍ എത്തിയിരിക്കുന്നത്. ഇവരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ വംശഹത്യ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ വിവേചനം നേരിടുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് പ്രസിഡന്റ് സിറില്‍ രാമഫോസ പറഞ്ഞു. 1994 വരെ വെള്ളക്കാരാണ് ദക്ഷിണാഫ്രിക്ക ഭരിച്ചിരുന്നത്. ഈ വര്‍ണവിവേചന ഭരണകൂടം ആഫ്രിക്കന്‍ വംശജരെ ദരിദ്രരാക്കി മാറ്റിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം നടപ്പാക്കിയ നയങ്ങള്‍ ആഫ്രിക്കന്‍ വംശജരുടെ ജീവിതം തകര്‍ത്തെന്നും അതിന് പരിഹാരമായി ഭൂപരിഷ്‌കരണം വേണമെന്നുമാണ് ജനാധിപത്യ സര്‍ക്കാര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഏഴു ശതമാനം മാത്രമുള്ള വെള്ളക്കാര്‍ മൂന്നില്‍ രണ്ടു ഭൂമിയും സ്വന്തമാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.