ഇസ്രായേലി ആക്രമണത്തെ കുറിച്ച് ഖത്തറിനെ അറിയിച്ചിരുന്നുവെന്ന് യുഎസ്

Update: 2025-09-09 18:26 GMT

ദോഹ: ഹമാസ് മധ്യസ്ഥ സംഘത്തെ ഇസ്രായേല്‍ ആക്രമിക്കുമെന്ന വിവരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖത്തറിനെ അറിയിച്ചിരുന്നുവെന്ന് വൈറ്റ്ഹൗസ്. ആക്രമണം പാടില്ലെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടതെന്നും വൈറ്റ്ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഖത്തര്‍ തലസ്ഥാനമായ ദോഹയുടെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹമാസ് ഓഫിസിനെ ഇസ്രായേല്‍ സൈന്യം ആക്രമിക്കുമെന്ന് യുഎസ് സൈന്യം ട്രംപിനെ അറിയിച്ചു. തുടര്‍ന്ന് വരാനിരിക്കുന്ന ആക്രമണത്തെ കുറിച്ച് ഖത്തറിനെ അറിയിക്കാന്‍ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന് ട്രംപ് നിര്‍ദേശം നല്‍കി.''-കരോലിന്‍ ലീവിറ്റ് പറഞ്ഞു.

''പരമാധികാര രാഷ്ട്രവും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയുമായ ഖത്തറിനുള്ളില്‍ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രായേലിന്റെയോ അമേരിക്കയുടെ ലക്ഷ്യങ്ങളെയോ മുന്നോട്ട് കൊണ്ടുപോകുന്നില്ല, ഖത്തര്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ്. അവര്‍ അതിനായി കഠിനാധ്വാനം ചെയ്യുകയും അപകടസാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. ആക്രമണത്തിന് ശേഷം ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു.''-കരോലിന്‍ പറഞ്ഞു. ഇസ്രായേലിനെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍, ആക്രമണത്തെ കുറിച്ച് തങ്ങളെ ആരും അറിയിച്ചില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു. ദോഹയില്‍ രണ്ടാമത് സ്‌ഫോടനം നടന്നപ്പോള്‍ യുഎസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ വന്നു. അതല്ലാതെ മറ്റു വിവരങ്ങളൊന്നും മുന്‍കൂറായി ലഭിച്ചിരുന്നില്ലെന്നും പ്രസ്താവന പറയുന്നു.