അധ്യാപകന് അനുയോജ്യമല്ലാത്ത മോശം പെരുമാറ്റം തെളിയിക്കപ്പെട്ടാല്‍, ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയാലും പുറത്താക്കാം: ഹൈക്കോടതി

Update: 2025-07-17 14:10 GMT

കൊച്ചി: ക്രിമിനല്‍ കേസില്‍ കോടതി വെറുതെവിട്ടാലും മോശം സ്വഭാവമുള്ള അധ്യാപകനെ സര്‍വീസില്‍ നിന്നും പുറത്താക്കാമെന്ന് ഹൈക്കോടതി. ഒമ്പതുകാരിയായ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ കോടതി വെറുതെവിട്ട അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കാനുള്ള മാനേജ്‌മെന്റ് നടപടി ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കേസിലെ ഇരയും മാതാവും കൂറുമാറിയതു കൊണ്ടാണ് പ്രതി കുറ്റവിമോചിതനായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

''ധ്യാപകന്‍ മോശം സ്വഭാവക്കാരനാണെന്ന് സ്‌കൂള്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അധ്യാപക പദവിയില്‍ തുടരാന്‍ അയാള്‍ അര്‍ഹനല്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം അയാളെ നീക്കം ചെയ്യുന്നതില്‍ തെറ്റില്ല. കുട്ടികളോടും രക്ഷിതാക്കളോടും പ്രധാന അധ്യാപകനോടും നന്നായി പെരുമാറാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ അധ്യാപകരാകാന്‍ കഴിയൂ.''-കോടതി പറഞ്ഞു.