ഗസയില്‍ നടക്കുന്നത് വംശഹത്യ: ബ്രസീല്‍ പ്രസിഡന്റ്

Update: 2025-06-05 14:12 GMT

ഇസ്താംബൂള്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ. വലിയ പരിശീലനം ലഭിച്ച ഒരു സൈന്യം സ്ത്രീകളെ കുട്ടികളെയും വംശഹത്യ നടത്തുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലുല പറഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടും അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടുന്നില്ല.

ആഗോളതലത്തിലുള്ള ഇത്തരം സംഭവങ്ങളെ തടയാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിക്ക് രാഷ്ട്രീയ ശക്തിയില്ല. അതിനാല്‍ അതിനെ പുനക്രമീകരിക്കണം. ആഫ്രിക്കയില്‍ നിന്നും തെക്കന്‍ അമേരിക്കയില്‍ നിന്നുമുള്ള രാജ്യങ്ങള്‍ക്ക് സുരക്ഷാ സമിതിയില്‍ പ്രാതിനിത്യം നല്‍കണമെന്നും ലുല ആവശ്യപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സ് ജൂണ്‍ 18ന് ന്യൂയോര്‍ക്കില്‍ നടക്കുമെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു.