ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തില്‍ എന്താണ് തെറ്റ്? രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഹൈക്കോടതി

Update: 2026-01-28 12:58 GMT

കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധത്തില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്. രാഹുലിനെതിരെ വന്ന ഒന്നാം പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്. അവിവാഹിതനായ രാഹുല്‍ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ നിയമപരമായി എന്താണു തെറ്റെന്നു കോടതി ചോദിച്ചു. കുറ്റകൃത്യം നടന്നുവെന്നു ആരോപിക്കുന്ന ദിവസത്തിന് ശേഷം യുവതി രണ്ടു ദിവസം രാഹുലുമൊത്ത് പാലക്കാട് താമസിച്ചിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ ബലം പ്രയോഗിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ പരാതിക്കാരിയുടെ ആരോപണങ്ങള്‍ ഗൗരവകരമാണെന്നും മുന്‍കൂര്‍ ജാമ്യഹരജി വിധി പറയാന്‍ മാറ്റി കോടതി അഭിപ്രായപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പോലിസ് വാദിച്ചത്. പരാതി നല്‍കിയ യുവതിക്കേതിരേ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും 36 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായും പോലിസ് കോടതിയെ അറിയിച്ചു. പാലക്കാട്ടെ താമസക്കാര്യത്തില്‍ പരാതിക്കാരിക്ക് വിശദീകരണമുണ്ടെന്ന് പോലിസ് വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വേറെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് വാദിച്ചു. എന്നാല്‍, ഈ കേസിന് ശേഷമാണല്ലോ അതെല്ലാം വന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. അതിനാല്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി വിശദീകരിച്ചു.