കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി പേരെ കൊന്ന് കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍

മംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മസ്ഥല ഗ്രാമത്തില്‍ നിരവധി പേരെ കൊന്ന് കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. പരാതിയില്‍ പോലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 1995 മുതല്‍ 2014 വരെയുള്ള കാലത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ നിര്‍ബന്ധിതനായ വ്യക്തിയാണ് താനെന്നും കുറ്റബോധം കൊണ്ടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും പരാതിക്കാരന്‍ പോലിസിനെ അറിയിച്ചു. പുരുഷന്‍മാരെ കൊന്നും സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് കൊന്നുമാണ് തനിക്ക് മൃതദേഹങ്ങള്‍ ലഭിച്ചിരുന്നതെന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി. അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നിവരാണ് പരാതിക്കാരന് നിയമസഹായം നല്‍കുന്നത്.
കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി പ്രകാരം തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കിയാല്‍ എല്ലാ തെളിവുകളും നല്‍കാമെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്.

താഴ്ന്ന ജാതിക്കാരനാണ് താനെന്ന് പരാതിക്കാരന്‍ പറയുന്നു. 1995 മുതല്‍ 2014 വരെ ധര്‍മസ്ഥല ക്ഷേത്രത്തിലെ സാനിറ്റേഷന്‍ ജോലിക്കാരനായിരുന്നു. നേത്രാവതി നദിയുടെ പരിസരം വൃത്തിയാക്കലായിരുന്നു ചുമതല. ആദ്യ കാലങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ലഭിച്ചു. ആത്മഹത്യകളോ മുങ്ങിമരണങ്ങളോ ആണെന്ന് കരുതി. മൃതദേഹങ്ങളില്‍ അധികവും സ്ത്രീകളുടേതായിരുന്നു. അവയില്‍ പലതിനും വസ്ത്രമുണ്ടായിരുന്നില്ല. പല മൃതദേഹങ്ങളിലും അക്രമം നേരിട്ടതിന്റെ സൂചനകളുണ്ടായിരുന്നു. അവ സംസ്‌കരിക്കുമ്പോള്‍ പുറത്തുപറയരുതെന്ന് സൂപ്പര്‍വൈസര്‍മാര്‍ നിര്‍ദേശിച്ചു. പോലിസില്‍ അറിയിക്കേണ്ടേ എന്നു ചോദിച്ചതിന് മര്‍ദ്ദിച്ചു. നേരത്തെ സാനിറ്റേഷന്‍ ജോലി ചെയ്തിരുന്ന ഒരാളെ കാണാതായിരുന്നു.
ചില പ്രദേശങ്ങളിലേക്ക് സൂപ്പര്‍വൈസര്‍മാര്‍ വിളിച്ചുവരുത്തി മൃതദേഹങ്ങള്‍ കുഴിച്ച് ഇടാന്‍ നിര്‍ബന്ധിക്കുമായിരുന്നു. 2010ല്‍ കല്ലേരി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും 12-15 വയസ് പ്രായം തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നു. സ്‌കൂള്‍ ബാഗും തോളിലുണ്ടായിരുന്നു. പക്ഷെ, അരയ്ക്ക് താഴെ വസ്ത്രമുണ്ടായിരുന്നില്ല. അവളുടെ കഴുത്തില്‍ കെട്ടിവരിഞ്ഞ പാടുണ്ടായിരുന്നു. സ്‌കൂള്‍ ബാഗ് അടക്കമാണ് ആ മൃതദേഹം കുഴിച്ചിട്ടത്. 2014 ആയപ്പോള്‍ കുടുംബവുമായി മറ്റൊരു സംസ്ഥാനത്ത് ഒളിവില്‍ പോയി. പിന്നീട് അടുത്തിടെ ധര്‍മസ്ഥലയില്‍ പോയി മുമ്പ് കുഴിച്ചിട്ട ഒരു മൃതദേഹം അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തി. അതിന്റെ ചിത്രമടക്കമാണ് പരാതി നല്‍കിയിരിക്കുന്നതെന്നും വയോധികന്‍ വെളിപ്പെടുത്തി.