ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍

Update: 2025-06-15 05:31 GMT

തെഹ്‌റാന്‍: ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് എമാദ്, ഘദര്‍, ഖൈബര്‍ ശെഖാന്‍ മിസൈലുകള്‍ എന്ന് റിപോര്‍ട്ട്. തെല്‍അവീവിലെയും ഹൈഫയിലെയും ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് അവ ലക്ഷ്യം കണ്ടത്.

2015ല്‍ കമ്മീഷന്‍ ചെയ്ത എമാദ് മിസൈലിന് 15.5 മീറ്റര്‍ നീളവും 1750 കിലോഗ്രാം തൂക്കവുമുണ്ട്. 1,700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇതിന് കഴിയും.

2005ല്‍ പുറത്തിറക്കിയ ഘദര്‍ മിസൈല്‍ മീഡിയം റെയ്ഞ്ച് ബാലിസ്റ്റിക് മിസൈലാണ്. ആദ്യഘടത്തില്‍ ദ്രവ ഇന്ധനവും രണ്ടാംഘട്ടത്തില്‍ ഖരഇന്ധനവും ഉപയോഗിക്കുന്ന ഈ മിസൈലില്‍ 600 മുതല്‍ 1,000 വരെ കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടുത്താന്‍ കഴിയും.

ഇസ്രായേലിന്റെ ആരോ, ഡേവിഡ്‌സ് സ്ലിങ് തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ പ്രത്യേക കഴിവുള്ള മിസൈലാണ് ഖൈബര്‍ ശെഖാന്‍. പരമ്പരാഗത സ്‌ഫോടകവസ്തുക്കള്‍ക്ക് പുറമെ മാരകമായ മറ്റു വസ്തുക്കളും ഇതിന് വഹിക്കാന്‍ കഴിയും. സൈനികതാവളങ്ങളെയും തന്ത്രപ്രധാന അടിസ്ഥാനസൗകര്യങ്ങളെയും തകര്‍ക്കാനാണ് ഇത് ഉപയോഗിക്കുക.