ലബ്‌നാനില്‍ അധിനിവേശത്തിന് സാധ്യതയെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം

Update: 2025-10-25 13:01 GMT

ലബ്‌നാന്‍: ഇസ്രായേലി അധിനിവേശം അടക്കമുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ലബ്‌നാനില്‍ അടിയന്തര പദ്ധതിക്ക് സഹായം വേണമെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം. 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം യുഎന്നിനോട് അപേക്ഷിച്ചിരിക്കുന്നത്. ഭാവിയില്‍ ഉണ്ടാകുന്ന ഏതെങ്കിലും സംഘര്‍ഷം ബാധിച്ചേക്കാവുന്നവര്‍ക്ക് റെഡി-ടു-ഈറ്റ് ഭക്ഷണം നല്‍കുന്നതിന് കൊമേഴ്‌സ്യല്‍, കമ്മ്യൂണിറ്റി കിച്ചന്‍ ഗ്രൂപ്പുകളുമായി കരാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. സ്‌കൂളുകള്‍ക്കും ഷെല്‍ട്ടറുകള്‍ക്കും സമീപം കിച്ചനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

2024ല്‍ ലബ്‌നാന്‍ സര്‍ക്കാരും ഇസ്രായേലി സര്‍ക്കാരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടെങ്കിലും ഇസ്രായേലി ആക്രമണങ്ങള്‍ എല്ലാ ദിവസങ്ങളിലും നടക്കുന്നുണ്ട്. നേരത്തെ തെക്കന്‍ ലബ്‌നാനില്‍ ആയിരുന്നു ആക്രമണങ്ങളെങ്കില്‍ ഇപ്പോള്‍ കിഴക്കന്‍ ലബ്‌നാനിലും ആക്രമണങ്ങള്‍ നടക്കുന്നു. ഗസയിലെ വെടിനിര്‍ത്തലിന് പിന്നാലെയാണ് ലബ്‌നാനെതിരായ ആക്രമണങ്ങള്‍ ഇസ്രായേല്‍ വര്‍ധിപ്പിച്ചത്. അഞ്ച് ഇസ്രായേലി യുദ്ധവിമാനങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം ബെക്കാ താഴ്‌വരയില്‍ ആക്രമണം നടത്തിയത്. ഇസ്രായേലി സൈനിക ആസ്ഥാനത്ത് ക്യാംപ് ചെയ്യുന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഓരോ ആക്രമണവും നടക്കുന്നത്. ഇസ്രായേലി സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ സഫേദിലെ താവളത്തിലാണ് യുഎസ് സൈനിക ഉദ്യോഗസ്ഥരുള്ളത്. കഴിഞ്ഞ വര്‍ഷം ലബ്‌നാനില്‍ നടത്തിയ പേജര്‍ ആക്രമണം തന്റെ അറിവോടെയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.