''പാശ്ചാത്യ ലിവ് ഇന്‍ സംസ്‌കാരം പീഡനക്കേസുകള്‍ക്ക് കാരണമാവുന്നു''; പീഡനക്കേസില്‍ യുവാവിനെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി

Update: 2026-01-27 13:25 GMT

അലഹബാദ്: ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പിന്നാലെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ യുവാവിനെ ഹൈക്കോടതി വെറുതെവിട്ടു. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയും പിന്നീട് പീഡനക്കേസ് നല്‍കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥും പ്രശാന്ത് മിശ്രയും പറഞ്ഞു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് തകര്‍ന്നാല്‍ ഉടന്‍ ക്രിമിനല്‍ കേസ് നല്‍കുകയാണ്. നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. ലിവ്് ഇന്‍ റിലേഷന്‍ഷിപ്പ് ഇല്ലാത്ത കാലത്ത് രൂപീകരിച്ച നിയമങ്ങള്‍ മൂലം പുരുഷന്‍മാര്‍ ജയിലില്‍ പോവുന്ന അവസ്ഥയാണുള്ളതെന്നും ചന്ദ്രേഷ് എന്ന യുവാവിന് വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി പറഞ്ഞു.

2021 ഫെബ്രുവരി 21നാണ് യുവതിയുടെ അമ്മ പോലിസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളെ ചന്ദ്രേഷ് തട്ടിക്കൊണ്ടുപോയെന്നും ആറുമാസത്തിന് ശേഷം മകള്‍ വീട്ടില്‍ തിരികെ എത്തിയില്ലെന്നും പരാതിയില്‍ അമ്മ ആരോപിച്ചു. തിരികെ വന്നപ്പോള്‍ മകള്‍ ഗര്‍ഭിണിയായിരുന്നുവെന്നും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞതിനാല്‍ പോക്‌സോ നിയമവും പോലിസ് കേസില്‍ ഉപയോഗിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ച വിചാരണക്കോടതി ചന്ദ്രേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ പ്രായം 20 ആണെന്ന് രേഖകള്‍ പരിശോധിച്ച് ഹൈക്കോടതി കണ്ടെത്തി. താന്‍ ചന്ദ്രേഷിന്റെ കൂടെ സ്വന്തം ഇഷ്ടത്തിനാണ് പോയതെന്ന പെണ്‍കുട്ടിയുടെ മൊഴിയും കോടതി പരിശോധിച്ചു. പോക്‌സോ നിയമം ഈ കേസില്‍ നിലനില്‍ക്കാത്തതിനാല്‍ ബന്ധം സമ്മതത്തോടെയുള്ളതാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും മനസിലാവുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ചന്ദ്രേഷിനെതിരായ വിചാരണക്കോടതി വിധി റദ്ദാക്കിയത്.