കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്ബിഹാര്‍ ജില്ലയിലെ സാദിയാര്‍ കുതിര്‍ ഗ്രാമവാസിയായ ഉത്തം കുമാര്‍ ബ്രജ്ബാസി ജീവിതത്തില്‍ ഒരിക്കല്‍ പോലും ജില്ലയില്‍ നിന്ന് പുറത്തുപോവുകയോ ബംഗ്ലാദേശ് അതിര്‍ത്തി കടക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, ബ്രജ്ബാസി വിദേശിയാണെന്ന് ആരോപിക്കുന്ന ഒരു നോട്ടീസ് അസമില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചു. ജൂലൈ പതിനഞ്ചിന് അകം പൗരത്വം തെളിയിച്ചില്ലെങ്കില്‍ നാടുകടത്തുമെന്നാണ് നോട്ടിസ് പറയുന്നത്.
''ഞാന്‍ ഒരിക്കലും അസമില്‍ പോയിട്ടില്ല, എന്നിട്ടും അവര്‍ എന്നെ ഒരു വിദേശിയായി മുദ്രകുത്തുകയാണ്. ജനുവരിയില്‍ നോട്ടീസ് ലഭിച്ചതിനുശേഷം, എന്റെ സ്ഥിര താമസസ്ഥലം തെളിയിക്കുന്ന എല്ലാ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിച്ചു. എന്നിരുന്നാലും, അവര്‍ എന്റെ പിതാവിന്റെ വോട്ടര്‍ പട്ടിക രേഖകള്‍ ആവശ്യപ്പെടുന്നു''-ബ്രജ്ബാസി പറയുന്നു.
1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 24നും ഇടയില്‍ സാധുവായ രേഖകളില്ലാതെ അസം അതിര്‍ത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് ബ്രജ്ബാസിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് അസം സര്‍ക്കാരിന്റെ നോട്ടിസ് പറയുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ സാധുവായ പൗരത്വ രേഖകള്‍ സമര്‍പ്പിക്കാന്‍ ബ്രജ്ബാസി പരാജയപ്പെട്ടുവെന്നും അതില്‍ പറയുന്നു. തുടര്‍ന്ന് രേഖകള്‍ തേടി സര്‍ക്കാര്‍ ഓഫിസുകളില്‍ അലയുകയാണ് ബ്രജ്ബാസി.
''1966, 1988 വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ മാത്രമേ അധികാരികള്‍ക്ക് നല്‍കാന്‍ കഴിയൂ. അസം സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ലഭിക്കുന്നില്ല. ഈ സംഭവങ്ങളെല്ലാം വിശദീകരിക്കുന്ന ഒരു കത്ത് ചൊവ്വാഴ്ച ജില്ലാ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചു.''-അദ്ദേഹം പറഞ്ഞു.
ബ്രജ്ബാസിയുടെ പിതാവ് പരേതനായ നരേന്ദ്രനാഥ് ബ്രജ്ബാസി ചൗധരിഹട്ട് ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. 1978ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആയാണ് നരേന്ദ്രനാഥ് മല്‍സരിച്ചിരുന്നത്.
വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. 'അദ്ദേഹം 50 വര്‍ഷത്തിലേറെയായി ബംഗാളില്‍ താമസിക്കുന്നയാളാണ്. സാധുവായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും, വിദേശി/നിയമവിരുദ്ധ കുടിയേറ്റക്കാരനാണെന്ന് സംശയിച്ച് അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്.''-ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എക്‌സില്‍ എഴുതി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബംഗാളികളെ ഉപദ്രവിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.

