വെസ്റ്റ്ബാങ്ക് മൂന്നാം ഇന്‍തിഫാദയിലേക്കെന്ന് പിഎഫ്എല്‍പി

Update: 2025-11-21 15:27 GMT

റാമല്ല: ഇസ്രായേലി സൈന്യത്തിന്റെയും ജൂതകുടിയേറ്റക്കാരുടെയും ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും വെസ്റ്റ്ബാങ്ക് മൂന്നാം ഇന്‍തിഫാദയിലേക്ക് അതിവേഗം നീങ്ങുകയാണെന്നും പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍. ഇന്ന് അല്‍ ഖുദ്‌സില്‍ ഇസ്രായേലി സൈന്യം രണ്ടു ഫലസ്തീനി യുവാക്കളെ വെടിവച്ചു കൊന്നതിന് തൊട്ടുപിന്നാലെയാണ് പിഎഫ്എല്‍പി ഇക്കാര്യം പറഞ്ഞത്. ''മൂന്നാം ഇന്‍തിഫാദ വളരെ അടുത്താണ്. ഈ കുറ്റകൃത്യവും രക്തച്ചൊരിച്ചിലും സമാധാനത്തിന്റെ മുഖംമൂടികള്‍ നീക്കും. ഫലസ്തീനികളുടെ ദേഷ്യം ലാവ പോലെ ഒലിക്കും. വീടുകളും കൃഷി സ്ഥലങ്ങളും തീയിടുന്നതും നശിപ്പിക്കുന്നതും വലിയ പ്രതിഷേധങ്ങളുണ്ടാക്കുന്നു. ക്രൂരതയുടെ പ്രത്യയശാസ്ത്രത്തിലാണ് അധിനിവേശ സൈന്യം പ്രവര്‍ത്തിക്കുന്നത്. സംഘടിതമായ ഈ കുറ്റകൃത്യത്തിന് മുമ്പില്‍ ഫലസ്തീനികള്‍ മൗനം പാലിക്കില്ല. സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും. അടിച്ചമര്‍ത്തല്‍ ശക്തമാക്കിയാല്‍ ശാന്തതയുണ്ടാവുമെന്നാണ് അവര്‍ കരുതുന്നത്. ചെറുത്തുനിന്നാല്‍ മാത്രമേ ജീവിക്കാനാവൂയെന്നാണ് ഫലസ്തീനികള്‍ ഇതിലൂടെ മനസിലാക്കുന്നത്. ആക്രമണ-പ്രത്യാക്രമണ ചക്രത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.''-പ്രസ്താവന പറയുന്നു.