ഹിജാബ് വിലക്ക്;വംശീയ ഉത്തരവ് ശരിവെച്ചത് പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യം:വെല്‍ഫെയര്‍ പാര്‍ട്ടി

ഭരണ ഘടനാപരമായ അവകാശം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് മാത്രം വിലക്കുന്നത് പ്രകടമായ ആര്‍എസ്എസ് പദ്ധതിയാണെന്നും, ഇത്തരം ഉത്തരവുകള്‍ക്ക് നിയമ സാധുത നല്‍കുന്നതിലൂടെ ഭരണഘടനയെ നോക്കു കുത്തിയാക്കുകയാണെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി

Update: 2022-03-15 07:25 GMT
തിരുവനന്തപുരം:ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഭാഗമായി ആര്‍എസ്എസ് സര്‍ക്കാര്‍ മുസ്‌ലിം സമൂഹത്തിന്റെ മൗലികാവകാശമായ ഹിജാബിനെതിരെ പുറപ്പെടുവിച്ച വംശീയ ഉത്തരവ് ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിപൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.ഭരണ ഘടനാപരമായ അവകാശം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് മാത്രം വിലക്കുന്നത് പ്രകടമായ ആര്‍എസ്എസ് പദ്ധതിയാണെന്നും, ഇത്തരം ഉത്തരവുകള്‍ക്ക് നിയമ സാധുത നല്‍കുന്നതിലൂടെ ഭരണഘടനയെ നോക്കു കുത്തിയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതികള്‍ അവയുടെ മൗലിക ധര്‍മം വിസ്മരിച്ച് വംശീയ പദ്ധതികള്‍ക്ക് വഴിയൊരുക്കുന്നത് രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ട സമയമായിരിക്കുന്നു. നീതി നിഷേധം ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഇത്തരം വിധികള്‍ ചെയ്യുന്നത്. ഭരണഘടന ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം ലംഘിച്ചാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധനം നടപ്പാക്കിയത്. മത വിശ്വാസത്തിന്റെ അഭിവാജ്യ ഭാഗം ഏതെന്ന് ആ വിശ്വാസത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണ് പറയേണ്ടത്. ഏകപക്ഷിയ കോടതി വിധികളിലൂടെ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏക സിവില്‍കോഡ്, പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ അടക്കം രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ ആശങ്കയോടെ കാണുന്ന സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള വഴിയാണ് ഇത്തരം വിധികളിലൂടെഒരുങ്ങുന്നത്. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിക്കാന്‍ ഈ വിധി ഇടയാക്കും. വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളില്‍ മുസ്‌ലിം സമൂഹം പുരോഗതി പ്രാപിക്കുന്നത് തടയാനുള്ള ആര്‍എസ്എസ് പദ്ധതികള്‍ക്ക് ഈ വിധി ശക്തി പകരും. ഇതിനെതിരെ പൗരത്വ പ്രക്ഷോഭ സമാനമായ ജനകീയ മുന്നേറ്റം ഉയരേണ്ടസന്ദര്‍ഭമായിരിക്കുകയാണെന്നും, സുപ്രിം കോടതിയിലെ നിയയ പോരാട്ടവും ജനകീയ പ്രക്ഷോഭവും യോജിപ്പിച്ച് ഭരണഘടനാ അവകാശങ്ങള്‍ സ്ഥാപിച്ചടുക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Tags:    

Similar News