മണിപ്പൂരിലെ സായുധഗ്രൂപ്പുകള്‍ ഒരാഴ്ച്ചക്കകം ആയുധങ്ങള്‍ അടിയറവെക്കണം: ഗവര്‍ണര്‍
ഇംഫാല്‍: മണിപ്പൂരിലെ സായുധഗ്രൂപ്പുകളും വ്യക്തികളും തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഒരാഴ്ച്ചക്കകം സര്‍ക്കാരിന് കൈമാറണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ആര്‍മറികളില്‍ നിന്ന് കവര്‍ന്ന ആയുധങ്ങള്‍ അടക്കം കൈമാറാനാണ് നിര്‍ദേശം. സമയപരിധിക്കുള്ളില്‍ ആയുധങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉത്തരവില്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെയ്‌തെയ്കളും ന്യൂനപക്ഷ വിഭാഗമായ കുക്കികളും തമ്മില്‍ സംഘര്‍ഷമുണ്ട്. ക്രിസ്ത്യാനികളായ കുക്കികളുടെ ഭൂരിപക്ഷം ആരാധനാലയങ്ങളും മെയ്‌തെയ് സായുധഗ്രൂപ്പുകള്‍ തകര്‍ത്തുകഴിഞ്ഞു. ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി എന്‍ ബീരെന്‍ സിങ് രാജിവച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണുള്ളത്.
2023 മെയ് മാസത്തില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 6,000 തോക്കുകളാണ് വിവിധ പോലിസ് ആര്‍മറികളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ നാലായിരത്തോളം എണ്ണം വിവിധ ഗ്രൂപ്പുകളുടെ കൈവശമാണ് ഇപ്പോഴുമുള്ളത്. അമേരിക്കന്‍ നിര്‍മിത എം4 പോലുള്ള തോക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.