ഒരു സ്ത്രീയെ വിവാഹം ചെയ്ത് സഹോദരന്‍മാര്‍; പാരമ്പര്യം പാലിക്കുകയാണെന്ന് വധു (വീഡിയോ)

Update: 2025-07-20 05:12 GMT

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷില്ലായില്‍ രണ്ട് സഹോദരന്‍മാര്‍ ഒരു യുവതിയെ വിവാഹം കഴിച്ചു. ഹട്ടി വിഭാഗത്തില്‍പ്പെട്ട സഹോദരന്മാരായ പ്രദീപും കപില്‍ നേഗിയുമാണ് സുനിത ചൗഹാന്‍ എന്ന യുവതിയെ വിവാഹം കഴിച്ചത്. കുടുംബക്കാര്‍ അടക്കം നിരവധി പേരാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.


\സിര്‍മൗര്‍ ജില്ലയിലെ ട്രാന്‍സ്-ഗിരി മേഖലയില്‍ ജൂലായ് 12നാണ് ഇവരുടെ വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന്, മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല, പാരമ്പര്യത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വധൂവരന്‍മാര്‍ പറഞ്ഞു. ഈ പാരമ്പര്യത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് സുനിതയും പ്രതികരിച്ചു. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനമെടുത്തത്. സഹോദരന്മാര്‍ തമ്മിലുള്ള ബന്ധത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബഹുഭര്‍തൃത്വം അഥവാ പോളിആന്‍ഡ്രി എന്നറിയപ്പെടുന്ന ഈ രീതി മുന്‍കാലത്ത് കേരളത്തിലും ശക്തമായിരുന്നു. പാണ്ഡവ വിചാരം എന്നാണ് ഇത് ഒരു സമുദായത്തിനിടയില്‍ അറിയപ്പെട്ടിരുന്നത്. നിരവധി സഹോദരന്‍മാരെ ഒരു സ്ത്രീ വിവാഹം കഴിക്കുന്ന രീതിയാണിത്. പാരമ്പര്യ സ്വത്ത് വിഭജിക്കപ്പെട്ട് പോവാതിരിക്കാനാണ് ഈ രീതി കൊണ്ടുവന്നതെന്ന് സാമൂഹിക ഗവേഷകര്‍ പറയുന്നു. മരുമക്കത്തായം എന്ന ആചാരവും ഒരു സമുദായത്തിനിടയില്‍ നിലനിന്നിരുന്നു. 1975ലെ കേരള സംയുക്ത ഹിന്ദു കുടുംബ വ്യവസ്ഥ (നിരോധിക്കല്‍) നിയമമാണ് മരുമക്കത്തായം ഇല്ലാതാക്കിയത്. മദ്രാസ് മരുമക്കത്തായ നിയമം, തിരുവിതാംകൂര്‍ കൃഷ്ണവക മരുമക്കത്തായ നിയമം എന്നിവ ഇതോടെ ഇല്ലാതായി.തറവാട് എന്ന ആശയം ഇതോടെയാണ് കാലഹരണപ്പെട്ടത്.