കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയ്ക്കു പാറ തുരക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയായി (സ്റ്റേജ് 2 ക്ലിയറന്‍സ്). വയനാട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലെ യാത്രാ സൗകര്യങ്ങളില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതിക്കാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പൂര്‍ണ അനുമതിയായത്.
8.73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണു തുരങ്കപ്പാത നിര്‍മിക്കുന്നത്. പാതപൂര്‍ത്തിയാകുന്നതോടെ അനുബന്ധ റോഡുകളുടെ വികസനവും നടക്കും. നാലു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 2025 ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
പാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് ആനക്കാംപൊയിലില്‍നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്ത് തുരങ്കത്തിലൂടെ വയനാട് മേപ്പാടിയില്‍ എത്താനാകും. ചുരം റോഡിലെ യാത്രാ ദുരിതത്തിനും പരിഹാരമാകും. കേരളത്തില്‍നിന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്.
തുരങ്കപാത പദ്ധതിക്ക് 2023 മാര്‍ച്ച് 31ന് ആണ് ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ നല്‍കിയത്. തുടര്‍ന്ന് 2024 നവംബര്‍ 11 നും 2025 ഡിസംബര്‍ എട്ടിനും ഇതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതായി കാട്ടി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തുകള്‍ നല്‍കി. 104 മരം മുറിക്കാനുളള ആദ്യ ഘട്ട അനുമതിക്കൊപ്പം പദ്ധതി പ്രദേശത്തേക്കുളള താല്‍ക്കാലിക പാലവും അപ്രോച്ച് റോഡും നിര്‍മിക്കാന്‍ 20 മരം കൂടി നീക്കാന്‍ നിര്‍മാണ ഏജന്‍സിയുടെ ആവശ്യം സൂചിപ്പിച്ചുള്ള കത്ത് 2025 ഡിസംബര്‍ 8 ന് കേന്ദ്രത്തിന് നല്‍കിയിരുന്നു. ഇതിന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
തുരങ്കപാതയ്ക്കായുള്ള പാറതുരക്കല്‍ പ്രവൃത്തികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. പാറ തുരക്കുന്നതിനുള്ള 'ബൂമര്‍' യന്ത്രങ്ങള്‍ കള്ളാടിയിലെ പദ്ധതി സ്ഥലത്ത് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ എത്തിച്ചു. നിലവില്‍ തുരങ്കമുഖം വരെയുള്ള 'കട്ട് ആന്‍ഡ് കവര്‍' പ്രവൃത്തിയാണു പുരോഗമിക്കുന്നത്. മാര്‍ച്ച് ആദ്യത്തില്‍ പാറതുരക്കല്‍ തുടങ്ങും. ചേനപ്പാറയുടെ താഴെ ഭാഗത്തെ 60 മീറ്ററോളം ഉയരമുള്ള പാറ തുരന്നാണ് തുരങ്കകവാടം ഒരുക്കുന്നത്. കോഴിക്കോട് ജില്ലയിലെ മറിപ്പുഴകുണ്ടന്‍തോട് ഭാഗത്തു നിന്നാകും പാറതുരക്കല്‍. ഒരാഴ്ചയ്ക്കകം വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്നും പാറ തുരക്കല്‍ ആരംഭിക്കും. ഒരേ സമയം ഇരുവശത്തു നിന്നും വലതുവശത്തെ തുരങ്കം തുരന്നു പോകുന്നതാണു നിര്‍മാണ രീതി. ഇതിനായി തുരങ്ക മുഖത്തേക്കുളള തടസ്സങ്ങളെല്ലാം നീക്കി. മറിപ്പുഴയില്‍ തുരങ്കത്തിന് അനുബന്ധമായി നിര്‍മിക്കുന്ന പ്രധാന പാലത്തിന്റെ പ്രവൃത്തിയും ഇതോടൊപ്പം പുരോഗമിക്കും. ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം.
വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനങ്ങള്‍, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലൊരുക്കും. ഉള്ളില്‍ രണ്ടു പാതയും വണ്‍വേ ട്രാഫിക്കില്‍ ആയിരിക്കുമെങ്കിലും അത്യാവശ്യ ഘട്ടത്തിലോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴോ തിരിച്ചുവിടാന്‍ സൗകര്യം ഒരുക്കുന്ന വിധം ഇരുതുരങ്കങ്ങളും തമ്മില്‍ 300 മീറ്റര്‍ അകലം വിട്ട് ക്രോസ് പാസേജും ഉണ്ടാകും.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) നിന്നാണ് തുരങ്കപാത നിര്‍മാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നത്. പദ്ധതി നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്‌കോണിന് ആണ് തുരങ്കപാതയുടെയും കരാര്‍. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ തുരങ്കപാതയിലേക്ക് എത്തുന്ന 80.4 കോടിയുടെ പാലത്തിന്റെ കരാര്‍ ഏറ്റെടുത്തത്.

