മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം വൈകുന്നു; ദുരന്തബാധിതരുടെ കുടില്‍കെട്ടി സമരം തടഞ്ഞ് പോലിസ്
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ എല്ലാവരേയും പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൂരല്‍മലയില്‍ കുടില്‍കെട്ടി സമരം. ജനശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതലാണ് സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ആദ്യം പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ടുപോകുകയാണെന്നും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണവും വീടുകളുടെ എണ്ണവും പലതവണയായി സര്‍ക്കാര്‍ കുറച്ചുവെന്നും സമരക്കാര്‍ ആരോപിച്ചു. സമരത്തിനെത്തിയവരെ ബെയ്‌ലി പാലത്തിനിപ്പുറം പോലിസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സമരക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉരുളെടുത്ത തങ്ങളുടെ ഭൂമിയില്‍ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ ബെയ്‌ലി പാലം കടക്കാന്‍ അനുവദിക്കില്ലെന്നാണ് പോലിസിന്റെ നിലപാട്.
രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചാണ് ദുരന്ത ഭൂമിയില്‍ പ്രതിഷേധം നടത്താന്‍ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. പുനരധിവാസം വൈകുന്നതിനൊപ്പം 5 സെന്റ് ഭൂമി മാത്രം നല്‍കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതര്‍ക്ക് പ്രതിഷേധമുണ്ട്.