മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് 750 കോടിയുടെ പദ്ധതി

Update: 2025-02-07 03:53 GMT

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്കുള്ള പുനരധിവാസത്തിനായി 750 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൂടുതല്‍ പദ്ധതികള്‍ പിന്നീട് നടപ്പാക്കും. ഏറ്റെടുത്ത പദ്ധതികള്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.സിഎംഡിആര്‍എഫ് ,സിഎസ്ആർ, എസ്ഡിഎംഎ, കേന്ദ്രഗ്രാന്‍റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ ഉപയോഗിക്കും

'2025-നെ കേരളം സ്വാ​ഗതം ചെയ്യുന്നത് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള ദുരുതാശ്വാസ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ്. കേരളത്തെ സങ്കട കടലിലാഴ്ത്തിയ അതിതീവ്ര ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തിൽ 254 പേർക്ക് ജീവൻ നഷ്ടമായി. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 207 വീടുകൾ തകരുകയും ആയിരക്കണക്കിനുപേരുടെ ഉപജീവന മാർ​ഗം ഇല്ലാതാവുകയും ചെയ്തു. ദുരന്തം മൂലമുണ്ടായ നഷ്ടം ഏകദേശം 1202 കോടിയാണ്. പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2221 കോടി വേണ്ടിവരുമെന്നാണ് വിദ​ഗ്ധർ അടങ്ങിയ സംഘം വിലയിരുത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. 2025-26 കേന്ദ്ര ബജറ്റിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് യാതൊരു സ​ഹായവും അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളോടു കാണിച്ച നീതി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കേരളത്തോടും പുലർത്തും എന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പറയുന്ന കാര്യം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇടതുപക്ഷ സർക്കാർ. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും', ധനമന്ത്രി കൂട്ടിച്ചേർത്തു.