ബിജെപി-വിഎച്ച്പി നേതാക്കളുടെ പ്രതിഷേധം വെറുതെയായി; ക്ഷേത്രത്തില്‍ മാംസക്കഷണം കൊണ്ടിട്ടത് പൂച്ച(വീഡിയോ)

Update: 2025-02-12 15:24 GMT

ഹൈദരാബാദ്: ഹൈദരാബാദിലെ ജിര ഹനുമാന്‍ ക്ഷേത്രത്തില്‍ മാംസക്കഷണം കൊണ്ടിട്ടത് പൂച്ചയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 250 ഗ്രാം തൂക്കംവരുന്ന മാംസക്കഷണമാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിന് സമീപത്തു നിന്നു കണ്ടെത്തിയിരുന്നത്. പ്രദേശത്തെ വിവിധ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ചന്ദ്രമോഹന്‍ പറഞ്ഞു. വിഷയത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് തല്‍പ്പരകക്ഷികള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രാവിലെയാണ് ക്ഷേത്രത്തില്‍ മാംസക്കഷണം കണ്ടെത്തിയത്. തുടര്‍ന്ന് ബിജെപി, യുവമോര്‍ച്ച, വിഎച്ച്പി നേതാക്കളും മറ്റു ഹിന്ദുത്വ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തില്‍ സംഘര്‍ഷം ഭയന്ന് പ്രദേശത്തെ കടകള്‍ അടച്ചു. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഹൈദരാബാദിലെ ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ലെന്നാണ് ബിജെപി എംഎല്‍എ രാജാ സിങ് ആരോപിച്ചത്. കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രാജാ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.