'ട്രാന്‍സ് വുമന്‍ ' സ്ത്രീ തടവുകാരെ പീഡിപ്പിച്ചു; ജയില്‍ അധികൃതര്‍ക്കെതിരേ കേസ്

Update: 2025-01-02 05:57 GMT

വാഷിങ്ടണ്‍: ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ 'ട്രാന്‍സ് വുമന്‍' വനിതാ ജയിലില്‍ സ്ത്രീകളെ പീഡിപ്പിച്ചതായി പരാതി. അപകടകാരിയായ 'ട്രാന്‍സ് വുമനോടൊപ്പം ' ജയിലില്‍ പാര്‍പ്പിച്ച വാഷിങ്ടണ്‍ ജയില്‍ അധികൃതര്‍ക്കെതിരേ ഇര കോടതിയില്‍ ഹരജി നല്‍കി. 140 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

'ട്രാന്‍സ് വുമന്‍' ആണെന്നു അവകാശപ്പെടുന്ന ക്രിസ്റ്റഫര്‍ വില്യംസ് എന്ന പ്രതി പൂര്‍ണമായും പുരുഷനാണെന്ന് ഹരജിയില്‍ ഇര ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളെ പീഡിപ്പിക്കുകയും പെണ്‍സുഹൃത്തിനെ മാരകമായി ആക്രമിക്കുകയും ചെയ്ത ഇയാളെ പുരുഷന്‍മാരുടെ ജയിലില്‍ ആണ് ആദ്യം അടച്ചിരുന്നത്. പിന്നീട്, താന്‍ സ്ത്രീയാണെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ വനിതാ ജയിലിലേക്ക് മാറ്റി. 29 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനുള്ള ക്രിസ്റ്റഫര്‍ തുണിയില്ലാതെയാണ് ജയിലില്‍ നടക്കുകയെന്ന് ഹരജിയില്‍ ഇര ചൂണ്ടിക്കാട്ടി. താന്‍ അടക്കം നിരവധി സ്ത്രീതടവുകാരെ ഇയാള്‍ ലൈംഗികമായി ആക്രമിച്ചു.

ജയിലിലെ ബലാല്‍സംഗം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പാലിക്കുന്നതില്‍ ജയില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നാണ് ഹരജിയില്‍ ഇര വാദിക്കുന്നത്. ജൈവശാസ്ത്രപരമായി പുരുഷനായ ആളുകള്‍ക്കൊപ്പം ജയിലില്‍ അടുന്നത് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജി പറയുന്നു. ട്രാന്‍സ് തടവുകാര്‍ സ്ത്രീകളെ ജയിലില്‍ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ റിക്കേഴ്‌സ് ദ്വീപിലെ ജയിലിലും പുരുഷന്‍ സ്ത്രീയായി വന്ന് തടവുകാരെ ആക്രമിച്ചിരുന്നു.

Tags: