42 വര്‍ഷം ജമാഅത്തെ ഇസ്ലാമിയാണോ ആഭ്യന്തരം ഭരിച്ചത്? സതീശന്‍

Update: 2026-01-19 14:39 GMT

കൊച്ചി: എ കെ ബാലനും മന്ത്രി സജി ചെറിയാനും നടത്തുന്ന പ്രസ്താവനകള്‍ കേരളത്തിന്റെ മതേതര അടിത്തറ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘ്പരിവാറിന്റെ അതേ വഴിയിലൂടെയാണ് സിപിഎമ്മും യാത്രചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇരുവരുടേയും പ്രസ്താവനകള്‍. ജയിച്ചുവരുന്നവരുടെ മതം നോക്കണമെന്നത് എത്ര ക്രൂരമായ പ്രസ്താവനയാണ്. കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് തീകൊളുത്തുന്ന പരിപാടിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. തെളിവ് നിരത്തിയതോടെ അദ്ദേഹം കീഴടങ്ങി. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നാണ് പറയുന്നത്. സിപിഎമ്മിനൊപ്പമുണ്ടായിരുന്ന 42 വര്‍ഷം ആഭ്യന്തരം ഭരിച്ചിരുന്നത് ജമാഅത്തെ ഇസ്‌ലാമിയായിരുന്നോ എന്നും സതീശന്‍ ചോദിച്ചു. സമുദായ നേതൃത്വത്തിനെതിരേ ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. വര്‍ഗീയത പറഞ്ഞാല്‍ അതിനെതിരേ പറയും. ജയിച്ചുവന്നവരുടെ മതവും ജാതിയും നോക്കണമെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലെത്തിയ മന്ത്രി പറഞ്ഞിരിക്കുന്നത്. അതുകേട്ട് മിണ്ടാതിരിക്കുന്നതിലും നല്ലത് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതാണെന്നും സതീശന്‍ പറഞ്ഞു.