വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ അടുത്ത ചൊവ്വാഴ്ച പരിഗണിക്കും

Update: 2025-05-15 06:59 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ ഹരജികളില്‍ ഇന്ന് സുപ്രിംകോടതി വാദം കേട്ടു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരാണ് വാദം കേട്ടത്. ഇടക്കാല വിധി പുറപ്പെടുവിക്കാന്‍ ഹരജികള്‍ ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി.

ഇന്ന് നടന്ന വാദപ്രതിവാദങ്ങള്‍

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത(കേന്ദ്രസര്‍ക്കാര്‍): ഹരജികളില്‍ ആരോപിക്കപ്പെടുന്ന മൂന്നു പ്രധാന കാര്യങ്ങളില്‍ ഞങ്ങള്‍ വിശദമായ മറുപടി നല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍(ഹരജി ഭാഗം): ദയവായി നിയമം എടുത്ത് പരിശോധിക്കണം.

ചീഫ് ജസ്റ്റിസ്: ഇടക്കാല ഉത്തരവിനു വേണ്ടിയാണോ അതോ കേസില്‍ മൊത്തത്തിലാണോ നാം വാദം കേള്‍ക്കാന്‍ പോവുന്നത്?

സോളിസിറ്റര്‍ ജനറല്‍: ഇന്നോ നാളെയോ എപ്പോള്‍ വേണമെങ്കിലും വാദിക്കാം.

കപില്‍ സിബല്‍: എന്നു വേണമെങ്കിലും ആവാം.

സോളിസിറ്റര്‍ ജനറല്‍: ഇടക്കാല ഉത്തരവിനാണ് അവര്‍ ആവശ്യപ്പെടുന്നതെങ്കില്‍ വാദം നീളാന്‍ സാധ്യതയുണ്ട്.

സിബല്‍: കുറച്ചു സമയം എടുക്കാം, രണ്ടു മണിക്കൂറോ മറ്റോ..

സോളിസിറ്റര്‍ ജനറല്‍: നിയമം സറ്റേ ചെയ്യുന്ന കാര്യമാണ് പറയുന്നത്. വാദിക്കാന്‍ യുക്തിഭദ്രമായ സമയം തരണം. അടുത്ത ആഴ്ച സമയം മാറ്റിവയ്ക്കണം.

കപില്‍ സിബല്‍: ഞാന്‍ ഒരു കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. അത് ഉപയോഗിച്ചാല്‍ ഭരണഘടനാപരമായ വ്യവസ്ഥകളില്‍ അധികം സമയം വേണ്ടിവരില്ല.

ചീഫ് ജസ്റ്റിസ്: എന്നാല്‍, അത് എല്ലാ കക്ഷികള്‍ക്കും നല്‍കൂ.

സോളിസിറ്റര്‍ ജനറല്‍: കോടതി നേരത്തെ പറഞ്ഞ മൂന്നു കാര്യങ്ങളില്‍ ഞാനും കുറിപ്പ് തയ്യാറാക്കി നല്‍കാം.

ചീഫ് ജസ്റ്റിസ്: കുറെ ഹരജികള്‍ പരിഗണിക്കുന്നതിന് പകരം ഇടക്കാല ഉത്തരവിന് വേണ്ട വിഷയങ്ങള്‍ ഏതാണെന്നു കണ്ടെത്താം.

കപില്‍ സിബല്‍: വ്യത്യസ്ത അഭിപ്രായങ്ങള്‍ വരാതിരിക്കാന്‍ ഞങ്ങളെല്ലാവരും യോജിച്ച് കുറിപ്പ് നല്‍കാം.

അഡ്വ. കല്യാണ്‍ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ് എംപി): സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ ഉണ്ടായിരുന്നു, എനിക്ക് സംസാരിക്കാന്‍ അനുവാദം നല്‍കണം.

ചീഫ് ജസ്റ്റിസ്: എംപിയായിട്ടാണോ അതോ അഭിഭാഷകനായിട്ടാണോ ?

സോളിസിറ്റര്‍ ജനറല്‍: കുറെ ഹരജികള്‍ വന്നതിനാല്‍ അഞ്ച് ഹരജികള്‍ മതിയെന്നാണ് മുമ്പ് കോടതി തീരുമാനിച്ചത്.

ചീഫ് ജസ്റ്റിസ്: കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനാല്‍ ആരെയും വാദത്തില്‍ നിന്നു തടയാന്‍ ഞങ്ങള്‍ കഴിയില്ല. ഇവിടെ അഭിഭാഷകരും പാര്‍ലമെന്റ് അംഗങ്ങളുമെല്ലാം ഉണ്ട്.

ഹരിശങ്കര്‍ ജെയ്ന്‍ (ഹിന്ദുത്വ താല്‍പര്യമുള്ള അഭിഭാഷകന്‍): അഞ്ച് ഹരജികളും മുസ്‌ലിം കക്ഷികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അത് ധ്രുവീകരണമുണ്ടാക്കില്ല. ഇടപെടാന്‍ അനുവദിക്കണം.

ചീഫ് ജസ്റ്റിസ്: അത് സാധ്യമല്ല.

ചീഫ് ജസ്റ്റിസ്: ഈ രീതിയില്‍ നമുക്ക് തുടങ്ങാന്‍ കഴിയില്ല.

സോളിസിറ്റര്‍ ജനറല്‍: അതിനാലാണ് നേരത്തെ കേസുകളെ ഒരുമിപ്പിച്ചത്.

ചീഫ് ജസ്റ്റിസ്: നിങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ തരാം.. വീതിച്ചെടുക്കൂ....

ഹരിശങ്കര്‍ ജെയ്ന്‍ : 1995ലെ വഖ്ഫ് നിയമത്തെയും ചോദ്യം ചെയ്യുന്നുണ്ട്.

ചീഫ് ജസ്റ്റിസ്: ഞങ്ങള്‍ ഇടക്കാല വിധിക്കാണ് വാദം കേള്‍ക്കുന്നത്.

ഹരിശങ്കര്‍ ജെയ്ന്‍ : ഞങ്ങള്‍ക്കും ആക്ഷേപങ്ങളുണ്ട്.

ചീഫ് ജസ്റ്റിസ്: കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവും.

ഹരിശങ്കര്‍ ജെയ്ന്‍: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ട്രിബ്യൂണല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.

ചീഫ് ജസ്റ്റിസ്: 1995 മുതല്‍ നിലവിലുള്ള അവ അവിടെ ഉണ്ടാവുമല്ലോ?

സോളിസിറ്റര്‍ ജനറല്‍: മിസ്റ്റര്‍ ജെയ്ന്‍, വിഷയത്തില്‍ നിന്നും നാം വ്യതിചലിക്കരുത്.

ചീഫ് ജസ്റ്റിസ്: 2025ലെ നിയമത്തിനെതിരായ ഹരജിയില്‍ 1995ലെ നിയമത്തെ ചോദ്യം ചെയ്യാന്‍ എങ്ങനെയാണ് നിങ്ങളെ അനുവദിക്കുക ?

സോളിസിറ്റര്‍ ജനറല്‍: നിങ്ങളുടെ ഊഴം വരുമ്പോള്‍ വാദിക്കണം ജെയ്ന്‍.

ചീഫ് ജസ്റ്റിസ്: വിഷയങ്ങളെ കൂട്ടിക്കുഴയ്ക്കരുത്. 1995ലെ നിയമത്തിനെതിരേ ഒരു ഇടക്കാല വിധിയും ഞങ്ങള്‍ പരിഗണിക്കില്ല.

സോളിസിറ്റര്‍ ജനറല്‍: ഒറ്റവാക്യമായി പറഞ്ഞാല്‍, 1995ലെ നിയമത്തിന് ഇടക്കാല ആശ്വാസത്തിനായി അദ്ദേഹം വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹത്തോട് ഹൈക്കോടതിയില്‍ പോകാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പറയുന്നത്.

ചീഫ് ജസ്റ്റിസ്: ചൊവ്വാഴ്ച വാദം കേള്‍ക്കാം

കപില്‍ സിബല്‍: വഖ്ഫ് സ്വത്തുക്കളില്‍ തദ്സ്ഥിതി തുടരുമെന്ന് പറഞ്ഞ് മുമ്പ് നല്‍കിയ ഉറപ്പ് തുടരുന്നുണ്ടോ?

ചീഫ് ജസ്റ്റിസ്: സോളിസിറ്റര്‍ ജനറല്‍ ഇതിനകം ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്.

ഹരിശങ്കര്‍ ജെയ്ന്‍: അഞ്ച് ഹരജികളും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് മാത്രം വാദിക്കാന്‍ നല്‍കരുത്.

സോളിസിറ്റര്‍ ജനറല്‍: അങ്ങനെയാണ് തീരുമാനിച്ചിട്ടുള്ളത്.

മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ്: വലിയ കാര്യങ്ങള്‍ക്കായി വ്യക്തിതാല്‍പ്പര്യങ്ങളെ അവഗണിക്കേണ്ടി വരും.

സോളിസിറ്റര്‍ ജനറല്‍: ഈ കേസ് തല്‍സമയം സംപ്രേഷണം ചെയ്യരുതെന്നാണ് എന്റെ ആഗ്രഹം.

ചീഫ് ജസ്റ്റിസ്: ഇടക്കാല ഉത്തരവിനായി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാം.