രാഷ്ട്രീയ ധാര്‍മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്‍ തിരുമാവളവന്‍

ചെന്നൈ: രാഷ്ട്രീയ ധാര്‍മികതയില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് ഭേദഗതി നിയമം പാസാക്കിയതെന്ന് വിടുതലൈ ചിരുതൈഗള്‍ കട്ച്ചി (വിസികെ) നേതാവും എംപിയുമായ തോല്‍ തിരുമാവളവന്‍. നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുമ്പോളാണ് എംപി നിലപാട് വ്യക്തമാക്കിയത്. നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ബിജെപി സര്‍ക്കാര്‍ ഇസ്‌ലാമിക സമൂഹത്തെ ലക്ഷ്യമിടുകയാണ്.
പൗരത്വ നിയമഭേദഗതി, ഭരണഘടനയുടെ 370ാം അനുഛേദം പിന്‍വലിക്കല്‍, മുത്തലാഖ് നിയമം, വഖ്ഫ് ഭേദഗതി എന്നിവ മുസ്‌ലിംകളെ ലക്ഷ്യമിടുന്നതാണ്. മറ്റു മതങ്ങളുടെ കാര്യത്തില്‍ ഇടപെടാത്ത ബിജെപി മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നു. നിയമം ഉപയോഗിച്ച് മുസ്‌ലിംകളുടെ രീതികളെ നിയമവിരുദ്ധമാക്കുന്നു. ജനാധിപത്യ വ്യവസ്ഥയെ ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.