വഖ്ഫ് നിയമഭേദഗതി: മുസ്‌ലിം വ്യക്തിനിയമബോര്‍ഡിന്റെ ധര്‍ണയ്ക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇന്ന് ജന്തര്‍മന്ദിറില്‍ നടത്താനിരുന്ന ധര്‍ണയ്ക്ക് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചു.ഇന്ന് ഏതാനും മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് അനുമതി തേടിയിരുന്നത്. എന്നാല്‍, അപേക്ഷ തള്ളിയെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. മുന്‍പ് നടത്തിയ പ്രതിഷേധങ്ങളില്‍ ബോര്‍ഡ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അപേക്ഷ തള്ളിയത്. എന്നാല്‍, എന്തൊക്കെ വ്യവസ്ഥകളാണ് മുമ്പ് ലംഘിച്ചതെന്ന് വ്യക്തമാക്കാന്‍ പോലിസ് തയ്യാറായില്ല. ഡല്‍ഹി പോലിസിന്റെത് രാഷ്ട്രീയ പ്രേരിത നിലപാടാണെന്ന് ബോര്‍ഡ് ആരോപിച്ചു. സമാധാനപരമായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ബോര്‍ഡ് വക്താവ് മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. ജന്തര്‍മന്ദിറില്‍ വിവിധ വിഭാഗങ്ങള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ക്ക് മാത്രമാണ് അനുമതി നിഷേധിക്കപ്പെട്ടതെന്ന് ബോര്‍ഡ് അംഗം മൗലാനാ യാസീന്‍ അലി ചൂണ്ടിക്കാട്ടി.