വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ ഹരജി നല്‍കിയ സാമൂഹിക പ്രവര്‍ത്തകന് വധഭീഷണി

Update: 2025-07-19 04:26 GMT

മുംബൈ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ സാമൂഹിക പ്രവര്‍ത്തകന് വധഭീഷണി. മള്‍വാനി സ്വദേശിയായ മുഹമ്മദ് ജമീല്‍ മര്‍ച്ചന്റാണ് പോലിസില്‍ പരാതി നല്‍കിയത്. അജ്ഞാതരായ ആളുകള്‍ തന്നെ നിരീക്ഷിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതി പറയുന്നു. വീടിനും ഓഫീസിനും സമീപം സംശയാസ്പദമായി കണ്ട ആളുകളുടെ സിസിടിവി ദൃശ്യങ്ങളും ജമീല്‍ പോലിസിന് നല്‍കിയിട്ടുണ്ട്. ''എന്റെ ജീവന്‍ അപകടത്തിലാണെന്നും വ്യാജമോ കെട്ടിച്ചമച്ചതോ ആയ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടോയെന്നും ആശങ്കയുണ്ട്. നിയമം ദുരുപയോഗം ചെയ്‌തോ ക്രിമിനലുകള്‍ വഴിയോ എന്നെയും കുടുംബത്തെയും ഉപദ്രവിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് തോന്നുന്നു.''-അദ്ദേഹം വിശദീകരിച്ചു. പരാതിയില്‍ അന്വേഷണം നടക്കുന്നതായി മള്‍വാനി പോലിസ് അറിയിച്ചു.