വഖ്ഫ് നിയമഭേദഗതി: സംയുക്ത പാര്‍ലമെന്ററി സമിതി യോഗം 24,25 തീയതികളില്‍ നടക്കും

രാജ്യത്തെ എല്ലാ മതസ്വത്തിനും ഒരു നിയമം മാത്രം മതിയെന്ന് വിശ്വഹിന്ദു പരിഷത്ത്

Update: 2025-01-23 03:35 GMT

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതി ഈ മാസം 24, 25 തീയതികളില്‍ യോഗം ചേരും. യോഗം ഒരാഴ്ച്ചകൂടി നീട്ടിവയ്ക്കണമെന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ബില്ലിലെ ഓരോ വ്യവസ്ഥകളും പ്രത്യേകം ചര്‍ച്ച ചെയ്യാനും ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിനുമുള്ള അവസരം ലഭിച്ചിട്ടില്ലെന്ന് ഒരു പ്രതിപക്ഷ എംപി മാധ്യമങ്ങളോട് പറഞ്ഞു. യോഗം ജനുവരി 30, 31 തീയതികളില്‍ നടത്താമെന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ നടന്ന ജെപിസി സെഷനില്‍ സമ്മതിച്ചതാണെന്നും ഇപ്പോള്‍ നിലപാട് മാറ്റിയതായും ചൂണ്ടിക്കാട്ടി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ ജഗദാംബികപാലിന് ഡിഎംകെ നേതാവ് എ രാജ പ്രതിഷേധ കത്തയച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ക്ക് സമയം നല്‍കാതെ ബില്ല് അന്തിമമാക്കുന്നതിന് തിരക്കുകൂട്ടുന്നത് ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുമെന്ന് കത്ത് പറയുന്നു. രാജ്യത്തിന്റെ മതേതര ഭരണഘടന അപകടത്തിലാണെന്നും ജെപിസി ചട്ടങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും എ രാജ വ്യക്തമാക്കി.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് ബിജെപി നേതാക്കളും മാധ്യമങ്ങളെ അറിയിച്ചു. എന്‍ഡിഎ സഖ്യകക്ഷികള്‍ അന്തിമ നിയമനിര്‍മ്മാണത്തിന് പിന്തുണ വാഗ്ദാനം ചെയ്തതിനാല്‍ ബില്ല് പാസാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബില്ലിനെ ചോദ്യം ചെയ്ത് കശ്മീരിലെ മുതഹിദ മജ്‌ലിസ് ഉലമ നേതാവും ഹുര്‍റിയത്ത് ചെയര്‍മാനുമായ മിര്‍വായിസ് ഉമര്‍ ഫാറൂഖും സമിതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് മിര്‍വായിസിന് സമയം അനുവദിച്ചിരിക്കുന്നത്. ബില്ലിനെ കുറിച്ച് ജമ്മുകശ്മീരിലെയും ലഡാക്കിലെയും മുസ്‌ലിംകള്‍ക്കുള്ള നിലപാട് അദ്ദേഹം അറിയിക്കും. ലെയിലേയും കാര്‍ഗിലിലേയും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, രാജ്യത്തെ എല്ലാ മതസ്വത്തിനും ഒരു നിയമം മാത്രം മതിയെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കത്തയച്ചു. ഏക സിവില്‍കോഡ് വേണമെന്നാണ് ഭരണഘടനയുടെ 44ാം അനുഛേദം പറയുന്നതെന്നും അതിനാല്‍ വിവിധ മതവിഭാഗങ്ങള്‍ക്ക് പ്രത്യേകം നിയമങ്ങളുള്ളത് ശരിയല്ലെന്നും വിഎച്ച്പി ദേശീയപ്രസിഡന്റ് അലോക് കുമാറിന്റെ കത്ത് പറയുന്നു.


Tags: