വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്തു
കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും മൂന്നു കേസുകളില്‍ കൂടി സിബിഐ പ്രതിചേര്‍ത്തു. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നതിന്റെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ പിയേഴ്‌സ് മാത്യു പ്രത്യേക കോടതിയെ അറിയിച്ചു. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവര്‍ക്കും എതിരാണ്. സിബിഐ ഇരകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ചില ആളുകള്‍ അവകാശപ്പെടുന്നതു പോലെ കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഇരകളല്ല. അവരിപ്പോള്‍ പ്രതിസ്ഥാനത്താണ്. പ്രതികളല്ല, വാദിയുടെ കേസ് എങ്ങനെ കൊണ്ടുപോകേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്ക് സമന്‍സ് അയക്കണമെന്ന സിബിഐയുടെ ആവശ്യം 25ന് കോടതി പരിഗണിക്കും.
വാളയാര്‍ കേസില്‍ സിബിഐ നേരത്തെ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്നത്. കുട്ടി മധു, പ്രദീപ് എന്നിവര്‍ പ്രതിയായ ഒരു കേസിലാണ് ഇരുവരേയും സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്.
അട്ടപ്പള്ളത്തെ വീട്ടില്‍ 2017 ജനുവരി ഏഴിനാണ് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത സിബിഐ 2021 ഡിസംബറിലാണ് ആദ്യ കുറ്റപത്രം നല്‍കിയത്. മൂത്ത കുട്ടിയുടെ മരണത്തില്‍ അട്ടപ്പള്ളം സ്വദേശി വി മധു (വലിയ മധു), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം മധു (കുട്ടി മധു), 16 വയസ്സുകാരന്‍ എന്നിവരാണ് പ്രതികള്‍. അനുജത്തിയുടെ മരണത്തില്‍ വലിയ മധുവും ആദ്യകേസിലുള്‍പ്പെട്ട 16 വയസ്സുകാരനും പ്രതികളാണ്.
