വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാവാം: സിബിഐ കുറ്റപത്രം

Update: 2025-02-09 06:26 GMT

പാലക്കാട്: വാളയാറില്‍ ലൈംഗികപീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മരിച്ച സംഭവം ആത്മഹത്യയാവാമെന്ന് സിബിഐ. ലഭ്യമായ മെഡിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാവാന്‍ സാധ്യതയില്ലെന്നാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രം പറയുന്നത്. പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ തൂങ്ങിമരണത്തിന്റെ സൂചനകളാണ് നല്‍കുന്നത്. മരണം നടന്ന സ്ഥലം, ഇന്‍ക്വസ്റ്റ് ഫോട്ടോകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, അനുബന്ധ വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്ത ഫോറന്‍സിക് സര്‍ജനും തൂങ്ങിമരണത്തെ കുറിച്ചാണ് സൂചന നല്‍കിയിരിക്കുന്നതെന്ന് കുറ്റപത്രം പറയുന്നു.

ഒമ്പതുവയസുള്ള ഇളയപെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാവാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല. ചെറിയപ്രായമാണെങ്കിലും തൂങ്ങിമരിക്കാന്‍ ആ കുട്ടിക്ക് സാധിക്കും. സങ്കീര്‍ണമായ കുടുംബപശ്ചാത്തലം, മോശം ബാല്യകാല അനുഭവങ്ങള്‍, ലൈംഗികപീഡനം, ചുറ്റുവട്ടത്ത് കുറ്റവാളികളുടെ സാന്നിധ്യം, അവരുടെ ഭീഷണികള്‍, പിന്തുണയില്ലായ്മ തുടങ്ങിയവ ആത്മഹത്യക്ക് കാരണമാവാമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ടുകള്‍ പറയുന്നതെന്നും കുറ്റപത്രം പറയുന്നു.