കൊച്ചി: പാലക്കാട് വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തിലെ ആരോപണവിധേയര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് കേസുമായി ബന്ധമില്ലെന്ന് സിബിഐ. കേസിലെ പ്രതികളായ പ്രദീപ്, കുട്ടി മധു. ജോണ്‍ പ്രവീണ്‍ എന്നിവരാണ് വിവിധ സമയങ്ങളിലായി ആത്മഹത്യ ചെയ്തിരുന്നത്. ഇവയില്‍ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന് മറുപടിയായി നല്‍കിയ റിപോര്‍ട്ടിലാണ് സിബിഐ നിലപാട് അറിയിച്ചത്.
ആദ്യ പെണ്‍കുട്ടി മരിക്കുന്നതിന് ആറ് ദിവസം മുമ്പ് രണ്ടു പേര്‍ വീട്ടില്‍ നിന്നും പോവുന്നതായി കണ്ടെന്ന് ഇളയ പെണ്‍കുട്ടി പറഞ്ഞിരുന്നു. അതിന് തെളിവില്ലെന്ന് സിബിഐ പറയുന്നു. ഇളയ പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി തെളിവ് ശേഖരിക്കാന്‍ കേരള പോലിസ് ശ്രമിച്ചെങ്കിലും അമ്മ അത് തടസപ്പെടുത്തിയെന്നും സിബിഐ ആരോപിക്കുന്നു. ഇളയ പെണ്‍കുട്ടിയും പിന്നീട് മരിച്ചു.
2020 നവംബര്‍ നാലിനാണ് കേസിലെ പ്രതിയായ പ്രദീപ് ചേര്‍ത്തലയില്‍ വച്ച് തൂങ്ങിമരിച്ചത്. ചേര്‍ത്തല പോലിസ് അതില്‍ അന്വേഷണം നടത്തി കേസ് ക്ലോസ് ചെയ്തു. പ്രദീപിന്റെ ഫോണില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങളും അതിലുണ്ടായിരുന്നു. പ്രദീപിന്റെ ഫോണില്‍ കുട്ടികളുടെ അമ്മ അശ്ലീല വീഡിയോകള്‍ കാണാറുണ്ടായിരുന്നെന്നും സിബിഐ പറയുന്നു.
സംഭവങ്ങള്‍ നടക്കുന്ന കാലത്ത് ജോണ്‍ പ്രവീണ്‍ കുട്ടികളുടെ വീട്ടിലേക്ക് പോവാറുണ്ടായിരുന്നു. തുടര്‍ന്ന് കേരള പോലിസ് മൊഴിയെടുക്കാന്‍ വിളിച്ചു. പക്ഷേ, അട്ടപ്പള്ളത്ത് ഒരു മരത്തില്‍ തൂങ്ങിയ നിലയില്‍ അയാളുടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണെന്ന് വാളയാര്‍ പോലിസ് റിപോര്‍ട്ട് നല്‍കി.
ബിനാനിപുരത്തെ ഒരു പഴയ ഫാക്ടറിയിലാണ് 2023 ഒക്ടോബര്‍ 25ന് കുട്ടി മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതില്‍ ആത്മഹത്യ പ്രേരണയ്ക്ക് നിയാസ് എന്നയാളുടെ പേരില്‍ കേസെടുക്കുകയും ചെയ്‌തെന്നും കോടതിയെ സിബിഐ അറിയിച്ചു.
