
ന്യൂഡല്‍ഹി: വര്‍ഗീയ-വിദ്വേഷ പരാമര്‍ശം നടത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ് ളുവന്‍സര്‍ ശര്‍മിഷ്ഠ പനോളിക്കെതിരേ പരാതി നല്‍കിയ വജാഹത്ത് ഖാനെതിരായ കേസുകളിലെ നടപടികള്‍ മരവിപ്പിച്ച് സുപ്രിംകോടതി. ശര്‍മിഷ്ഠക്കെതിരേ പരാതി നല്‍കിയതിന് ശേഷം തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ആളുകള്‍ പരാതികള്‍ നല്‍കിയെന്നും ആ കേസുകളെല്ലാം ഒരുമിപ്പിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് ഖാന്‍ നല്‍കിയ ഹരജിയിലാണ് നടപടി. പശ്ചിമബംഗാള്‍ പോലിസിന് ആവശ്യമെങ്കില്‍ ഖാനെതിരേ നടപടി സ്വീകരിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കശ്മീരിലെ പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നാണ് ശര്‍മിഷ്ഠ പനോളി വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

തുടര്‍ന്ന് കൊല്‍ക്കത്ത സ്വദേശിയായ വജാഹത്ത് ഖാന്‍ നല്‍കിയ പരാതിയില്‍ ശര്‍മിഷ്ഠയെ ബംഗാള്‍ പോലിസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം ജയിലില്‍ കിടന്ന ശേഷം ശര്‍മിഷ്ഠക്ക് ഇടക്കാല ജാമ്യം ലഭിച്ചു. അതിനിടെ വിവിധ ഹിന്ദുത്വസംഘടനകള്‍ വജാഹത്ത് ഖാനെതിരെ പരാതികള്‍ നല്‍കിയിരുന്നു.