''വാഗണ്‍ ട്രാജഡി മാറ്റി വാഗണ്‍ കൂട്ടക്കൊലയാക്കണം''; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Update: 2025-01-25 13:54 GMT

തിരൂര്‍: ബ്രിട്ടീഷ് സൈന്യം 1921ല്‍ 70 പേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പേര് വാഗണ്‍ ട്രാജഡി (വാഗണ്‍ ദുരന്തം) എന്നതില്‍ നിന്ന് വാഗണ്‍ കൂട്ടക്കൊല എന്നാക്കണമെന്നാവശ്യപ്പെട്ട് ജെസിഐ തിരൂര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജാലിയന്‍വാലാബാഗ് സംഭവം പോലെ വാഗണില്‍ നടന്നതും കൂട്ടക്കൊലയാണെന്ന് നിവേദനം പറയുന്നു. പ്രസ്തുത സംഭവത്തെ ദുരന്തം എന്നു വിശേഷിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലിന് തുല്യമാണെന്നും ജെസിഐ തിരൂര്‍ ചൂണ്ടിക്കാട്ടി.

വാഗണ്‍ സ്മാരകങ്ങളായി നിലനില്‍ക്കുന്ന തിരൂര്‍ ടൗണ്‍ഹാള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരിലും മാറ്റം ആവശ്യമാണെന്നാവശ്യപ്പെട്ട് തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമക്കും നിവേദനം നല്‍കിയിട്ടുണ്ട്. കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവരെ അടക്കം ചെയ്ത കോരങ്ങത്ത് പള്ളി, കോട്ട് പള്ളി, മുത്തൂര്‍ കുന്ന് എന്നിവിടങ്ങളിലും പേരില്‍ മാറ്റം വരുത്തേണ്ടതുണ്ട്. നഗരസഭ ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജെസിഐ തിരൂര്‍ പ്രസിഡന്റ് റിഫാ ഷെലീസ് ചേന്നര, സെക്രട്ടറി അഷറഫ് ചേലാടന്‍, ഐ പി പി ഹനീഫ് ബാബു, ഷെമീര്‍ കളത്തിങ്കല്‍, തെസ്‌നീം കമറുദ്ദീന്‍, അന്‍വര്‍ കൂട്ടായി എന്നിവര്‍ പങ്കെടുത്തു.

Photo

തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ പി നസീമക്ക് ജെസിഐ തിരൂര്‍ പ്രവര്‍ത്തകര്‍ നിവേദനം നല്‍കുന്നു