വിഎസ്: ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം

Update: 2025-07-22 02:40 GMT

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതല്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം. രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

തിങ്കളാഴ്ച വൈകീട്ട് 7.15ഓടെ വിഎസിന്റെ മൃതദേഹം ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ ഒഴുകിയെത്തിയത്. 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ നേതാവിന് യാത്രമൊഴിയേകി.