തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും തലമുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ വിടവാങ്ങി. മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളോടൊപ്പം സഞ്ചരിക്കുകയും ചിലപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും ചെയ്ത രാഷ്ട്രീയാതികായനെയാണ് വി എസിന്റെ വേര്‍പാടിലൂടെ കേരളത്തിനു നഷ്ടമായത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. 2006-2011 കാലത്ത് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായിരുന്നു വി എസ്.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വി എസിന്റെ ജനനം. നാലു വയസ്സുള്ളപ്പോള്‍ അമ്മയും 11ാം വയസ്സില്‍ അച്ഛനും മരണപ്പെട്ടു. കുടുംബ പ്രാരബ്ധങ്ങളെ തുടര്‍ന്ന് ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്ന വി എസ് പിന്നീട് തയ്യല്‍ത്തൊഴിലാളിയും കയര്‍ ഫാക്ടറി തൊഴിലാളിയുമായി.
1938ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വി എസ് 1940ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1957ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ)യുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ചവരുടെ കൂട്ടത്തില്‍ വി എസ് അച്യുതാനന്ദനുമുണ്ടായിരുന്നു. സിപിഎം രൂപീകരണത്തിന് നേതൃത്വം വഹിച്ച നേതാക്കളില്‍ ഏറ്റവുമൊടുവില്‍ മരണപ്പെട്ടയാളും പാര്‍ട്ടിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവുമാണ് വി എസ്.
കേരളത്തിന്റെ ഭൂസമരങ്ങളിലും അഴിമതി വിരുദ്ധ പോരാട്ടങ്ങളിലും പാര്‍ട്ടി നേതാവെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും വി എസ് കാഴ്ചവച്ച പ്രകടനം ശ്രദ്ധേയമാണ്. സമരങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അദ്ദേഹത്തെ ജനസമ്മതനാക്കുന്നതില്‍ പ്രധാന ഘടകമായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെയും അവകാശ സമരങ്ങളുടെയും പ്രതീകമായി വി എസിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളും ഏറെ പങ്ക് വഹിച്ചിട്ടുണ്ട്.
കൃഷിഭൂമി തരം മാറ്റുന്നതിനെതിരേ നടന്ന സമരത്തില്‍ ഏറെ വിവാദമുയര്‍ത്തിയ വെട്ടിനിരത്തല്‍ സമരം(വിള നശിപ്പിക്കല്‍ സമരം) വി എസിന്റെ നേതൃത്വത്തിലായിരുന്നു.മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ വി എസിന്റെ ഒത്താശയോടെ നടന്ന വിവാദപരമായ മൂന്നാര്‍ ദൗത്യം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതും ചരിത്രത്തിന്റെ ഭാഗമാണ്. സുപ്രിംകോടതിയില്‍ ഇപ്പോഴും അനന്തമായി നീണ്ടു പോകുന്ന ലാവ്ലിന്‍ കേസില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അന്നു പ്രതിസ്ഥാനത്തു നിര്‍ത്തി നടത്തിയ പോരാട്ടത്തിന്റെ മുന്നിലും പിന്നിലും വി എസ് ഉണ്ടായിരുന്നു.
പിണറായി വിജയന്റെ കൈപ്പിടിയിലായിരുന്ന പാര്‍ട്ടി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസിന് സീറ്റ് നിഷേധിച്ചത് വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയത്. പൊതുജന സമ്മര്‍ദ്ദവും മാധ്യമ വാര്‍ത്തകളും ശക്തമായി ഉയര്‍ന്നപ്പോള്‍ വി എസിനെ മല്‍സരിപ്പിക്കണമെന്ന പോളിറ്റ് ബ്യൂറോയുടെ നിര്‍ബന്ധമാണ് അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കൊല്ലം ടെക്‌നോ പാര്‍ക്ക്, ഐടി പാര്‍ക്കുകള്‍, വിവിധ ഇന്‍ഫോ പാര്‍ക്കുകള്‍, വൈറ്റില മൊബിലിറ്റി ഹബ്, ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുടങ്ങി വികസന മേഖലയില്‍ നടന്ന പല മുന്നേറ്റങ്ങളും വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങളാണ്. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കും കൊച്ചി മെട്രോക്കും തുടക്കമിട്ടതും വി എസിന്റെ ഭരണകാലത്താണ്.കെ വസുമതിയാണ് ഭാര്യ. വി എ അരുണ്‍ കുമാര്‍, വി വി ആശ എന്നിവരാണ് മക്കള്‍.

