ഇന്ന് എകെജി പഠന ഗവേഷണകേന്ദ്രത്തില്‍ പൊതുദര്‍ശനം

Update: 2025-07-21 11:11 GMT

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. രാത്രിയില്‍ പൊതുദര്‍ശനം അനുവദിക്കും. രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധന്‍ രാവിലെ പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.

നൂറ്റിരണ്ട് വയസ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകന്റെ വസതിയായ 'വേലിക്കകത്ത്' വീട്ടില്‍ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് പൂര്‍ണവിശ്രമത്തിലായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം.