ബിഹാര്‍ പോളിങ്ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

Update: 2025-11-06 00:57 GMT

പാറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 1,341 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരും ബിജെപി നേതാക്കളുമായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. 14 ന് ഫലം പ്രഖ്യാപിക്കും.

വോട്ടും സര്‍ക്കാരിനെയും കൊള്ളയടിക്കുന്നവര്‍ക്ക് വോട്ടിലൂടെ മറുപടി നല്‍കാന്‍ ബിഹാറിലെ ജെന്‍സികളോടും യുവാക്കളോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. വോട്ട് ചോരി, സര്‍ക്കാര്‍ ചോരി ഗൂഢാലോചനയെ പരാജയപ്പെടുത്തണം, വോട്ടിലൂടെ ജനാധിപത്യത്തെയും ബിഹാറിനെയും സംരക്ഷിക്കണം എന്നിവയാണ് ആവശ്യം. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വോട്ട് കൊള്ള രാജ്യം കണ്ടതാണ്. നിലവില്‍ ബിഹാറാണ് ലക്ഷ്യം. ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണമെന്നും ഇന്ത്യ സഖ്യത്തിന് വോട്ട് നല്‍കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.