ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കും; താല്‍പര്യമില്ലാത്തവര്‍ കാരണം ബോധിപ്പിക്കണം
ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ തീരുമാനമായി. ഇതിന് താല്‍പര്യമില്ലാത്ത വ്യക്തികള്‍ രേഖാമൂലം കാരണം ബോധിപ്പിക്കണമെന്നും ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആഭ്യന്തരമന്ത്രാലയം, ഐടി മന്ത്രാലയം, ആധാര്‍ അതോറിറ്റി എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
രാജ്യത്തെ 66 കോടി വോട്ടര്‍മാരുടെ വിവരങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത്. ആധാറുമായി ബന്ധിപ്പിക്കാന്‍ ഇത് കൈമാറാന്‍ തയ്യാറാണെന്ന് കമ്മീഷന്‍ യോഗത്തില്‍ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ താല്‍പര്യമില്ലാത്ത വ്യക്തികള്‍ അതിന്റെ കാരണം രേഖാമൂലം നല്‍കണമെന്ന രീതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 6(ബി) ഫോം ഭേദഗതി ചെയ്യാനും തീരുമാനിച്ചു.