ന്യൂഡല്‍ഹി: വോട്ടുമോഷണം ഏറ്റവും വലിയ രാജ്യദ്രോഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ എസ്‌ഐആര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ബിജെപിക്ക് ഗുണമുണ്ടാക്കുന്ന രീതിയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് മൂന്നു ചോദ്യങ്ങളും അദ്ദേഹം ഉയര്‍ത്തി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന പാനലില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയത് എന്തിന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിയമപരിരക്ഷ നല്‍കുന്ന നിയമം പാസാക്കിയത് എന്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രചാരണം നടത്താവുന്ന രീതിയില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് എന്തിന് എന്നീ ചോദ്യങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.
നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ വന്ദേ മാതരം വിളിക്കുമ്പോള്‍ ബിജെപിയുടെ പ്രത്യയശാസ്ത്ര കേന്ദ്രം ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചു. വന്ദേ മാതരവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഖാര്‍ഗെയുടെ പരാമര്‍ശം. ബിജെപിക്കാര്‍ സ്വന്തം ചരിത്രമാണ് ആദ്യം പഠിക്കേണ്ടതെന്നും ഖാര്‍ഗെ പരിഹസിച്ചു.