കൗമാരക്കാരനെ കൊടുവാള്‍ കൊണ്ട് വെട്ടി റീല്‍ ചിത്രീകരിച്ചു

Update: 2025-12-31 12:53 GMT

തൃശൂര്‍: കൗമാരക്കാരന്റെ കഴുത്തില്‍ കൊടുവാള്‍ കൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൊണ്ട് റീല്‍ ചിത്രീകരിച്ചു പ്രദര്‍ശിപ്പിച്ചു. പുതുക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കല്ലൂരില്‍ മൂന്നാഴ്ച മുന്‍പു ലഹരിസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് റീല്‍ ആയി പകര്‍ത്തി പ്രചരിപ്പിക്കുന്നത്. വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലിസ് വെട്ടേറ്റയാളുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും പരാതി ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. 'നിന്റെ തല ഞാന്‍ വെട്ടും' എന്ന ആക്രോശത്തോടെ കൊടുവാള്‍ കൊണ്ട് ഒരാള്‍ എതിര്‍ സംഘത്തില്‍പ്പെട്ട കൗമാരക്കാരന്റെ കഴുത്തില്‍ വെട്ടുന്നതു ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ചെറുപ്പക്കാരനെ തുടര്‍ച്ചയായി മര്‍ദിച്ചവശനാക്കിയ ശേഷം പാടത്തെ വെള്ളക്കെട്ടിലേക്ക് എറിയുന്നുമുണ്ട്. ലഹരിസംഘങ്ങള്‍ മുന്‍പും പ്രശ്‌നമുണ്ടാക്കിയ മേഖലയിലാണു വീണ്ടും സംഘര്‍ഷം. പാടത്തോടു ചേര്‍ന്ന ആളൊഴിഞ്ഞ മേഖലയില്‍ ലഹരി ഉപയോഗിക്കാനെത്തുന്ന രണ്ടു സംഘങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷാന്തരീക്ഷം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. മണ്ണംപേട്ട ഭാഗത്തു നിന്നുള്ള സംഘം കൂടുതല്‍ ചെറുപ്പക്കാരുമായെത്തി കല്ലൂര്‍ ഭാഗത്തെ സംഘത്തിനു നേര്‍ക്കാണ് ആക്രമണം നടത്തിയതും റീല്‍ പകര്‍ത്തിയതും.