അമ്പലമേട് പോലിസ് സ്‌റ്റേഷനില്‍ സംഘര്‍ഷം; മോഷണക്കേസ് പ്രതികള്‍ പ്രശ്‌നമുണ്ടാക്കിയെന്ന് പോലിസ്; നിരപരാധികളെ പോലിസ് മര്‍ദ്ദിച്ചെന്ന് കുടുംബങ്ങള്‍
കൊച്ചി: അമ്പലമേട് പോലിസ് സ്‌റ്റേഷനില്‍ സംഘര്‍ഷം. ഫഌറ്റില്‍ മോഷണം നടത്തിയ പ്രതികളാണ് സ്‌റ്റേഷനില്‍ അതിക്രമം കാണിച്ചതെന്ന് പോലിസ് പറയുന്നു. അമ്പലമേട്ടില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫഌറ്റില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സഹോദരന്മാരായ അഖില്‍ ഗണേഷ്, അജിത്ത് ഗണേഷ് എന്നിവരെയും സുഹൃത്തായ ആദിത്യനെയും ബുധനാഴ്ച രാത്രി പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഫഌറ്റില്‍നിന്ന് ശബ്ദംകേട്ട് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പോലിസ് പറയുന്നത്. അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ച പ്രതികള്‍ പോലിസുകാരെ അസഭ്യം പറയുകയും വാതില്‍ തല്ലിപ്പൊളിക്കുകയും സിസിടിവി ഫൂട്ടേജ് കാണുന്ന കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ തല്ലിപ്പൊളിക്കുകയും ചെയ്തതായി പോലിസ് ആരോപിക്കുന്നു.
വ്യാഴാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇവരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികളുടെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തിയത്. യുവാക്കള്‍ നിരപരാധികളാണെന്നും അന്യായമായാണ് പിടികൂടിയതെന്നും പറഞ്ഞ് ഇവര്‍ പ്രതിഷേധിച്ചു. തങ്ങള്‍ മോഷണം നടത്തിയിട്ടില്ലെന്നും അങ്ങനെ സംഭവിച്ചുവെങ്കില്‍ പരാതിക്കാര്‍ വരട്ടേയെന്നും പ്രതികളില്‍ ഒരാള്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. പോലിസ് സ്‌റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനം നടന്നുവെന്ന് ആരോപണവിധേയരുടെ കുടുംബം പറഞ്ഞു. തങ്ങള്‍ എസ്‌സി -എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ പോലിസിനെതിരെ പരാതി നല്‍കും.
