തലശ്ശേരി: കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫിസറെ 34 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട 6.08 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ തലശ്ശേരി നിട്ടൂര്‍ ശങ്കര്‍നിവാസില്‍ എം പി അനില്‍കുമാറി(55)നെ തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഒരു കേസില്‍ വിവിധ വകുപ്പുകളില്‍ 24 വര്‍ഷം കഠിനതടവിനും എട്ടുലക്ഷം രൂപ പിഴയടയ്ക്കാനും രണ്ടാമത്തെ കേസില്‍ വിവിധ വകുപ്പുകളില്‍ 10 വര്‍ഷം കഠിനതടവിനും 1.8 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്. രണ്ട് കേസുകളില്‍ 34 വര്‍ഷം കഠിനതടവും 9.8 ലക്ഷം രൂപ പിഴയും അടയ്ക്കണം. ആദ്യത്തെ കേസില്‍ പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷവും രണ്ടാമത്തെ കേസില്‍ പിഴയടച്ചില്ലെങ്കില്‍ 18 മാസവും തടവനുഭവിക്കണം.
കണ്ണൂര്‍ ഒന്ന്, രണ്ട് വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസറായിരിക്കെ രജിസ്റ്ററില്‍ കൃത്രിമം കാണിച്ചും തെറ്റായ വിവരം ചേര്‍ത്തും വ്യാജരേഖ ചമച്ചും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2005-2007 കാലയളവിലാണ് സംഭവം. പന്തീരങ്കാവ് വില്ലേജ് ഓഫീസറായിരിക്കെ ഭൂമി തരംമാറ്റി നല്‍കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ അനില്‍കുമാറിനെ കഴിഞ്ഞവര്‍ഷം വിജിലന്‍സ് പിടികൂടി. ഇതിനെത്തുടര്‍ന്ന് അനില്‍കുമാര്‍ സസ്‌പെന്‍ഷനിലാണ്.