മാല്‍ക്കംഗിരി: ഒഡീഷയിലെ മാല്‍ക്കംഗിരിയില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ താമസിക്കുന്ന ഗ്രാമത്തിന് തീയിട്ടു. മരിവാദ പഞ്ചായത്തില്‍ എംവി-26 എന്ന പ്രദേശത്താണ് ആക്രമണം നടന്നത്. 55 വയസുള്ള ഒരു ആദിവാസി സ്ത്രീയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയെന്ന പ്രചാരണത്തിന് പിന്നാലെയായിരുന്നു ആക്രമണം. ഏകദേശം 5,000 പേര്‍ വരുന്ന ആള്‍ക്കൂട്ടമാണ് കോടാലികളും അമ്പും വില്ലുമെല്ലാം ആയി എത്തി ഗ്രാമം ആക്രമിച്ചത്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. സംഭവത്തെ തുടര്‍ന്ന് പോലിസിന് പിന്നാലെ അതിര്‍ത്തി രക്ഷാ സേനയേയും പ്രദേശത്ത് വിന്യസിച്ചു.
കോയ ആദിവാസി വിഭാഗത്തിലെ ലേക് പൊദിയാമി എന്ന സ്ത്രീയുടെ മൃതദേഹമാണ് കോരുകണ്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊട്ടേരു നദിയില്‍ നിന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കൊലപാതകത്തില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന സുഭരഞ്ചന്‍ മൊണ്ടാല്‍ എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പൊദിയാമിയെ കാണാതായത്. തലയില്ലാത്ത മൃതദേഹമാണ് പുഴയില്‍ നിന്നും കണ്ടെത്തിയത്. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശമായിരുന്നു ഇത്. ഏതാനും വര്‍ഷം മുമ്പാണ് പ്രദേശത്തിന്റെ നിയന്ത്രണം സര്‍ക്കാര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ പ്രദേശത്ത് ബിജെപിയും മറ്റും ശക്തമാണ്.
